കാപ്പിക്കോ പൊളിക്കാതിരിക്കാൻ അധികൃതരുടെ ഒത്താശ; സ്റ്റേ നീക്കാൻ നടപടിയെടുക്കുന്നില്ല

Published : Feb 05, 2019, 10:19 AM IST
കാപ്പിക്കോ പൊളിക്കാതിരിക്കാൻ അധികൃതരുടെ ഒത്താശ;  സ്റ്റേ നീക്കാൻ നടപടിയെടുക്കുന്നില്ല

Synopsis

ആലപ്പുഴ പാണാവള്ളിയിലെ നെടിയതുരുത്തില്‍ 2006 ലാണ് സ്വന്തം സ്ഥലത്തിനൊപ്പം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും കയ്യേറി കായല്‍ നികത്തി തീരദേശ പരിപാലന നിയമം കാറ്റില്‍പ്പറത്തിക്കൊണ്ട് കാപ്പിക്കോ റിസോര്‍ട്ട് പടുത്തുയര്‍ത്തിത്തുടങ്ങിയത്. 

വേമ്പനാട്:  തീരദേശപരിപാലന നിയമം ലംഘിച്ച് ആലപ്പുഴ വേമ്പനാട്ട് കായലില്‍ കെട്ടിപ്പൊക്കിയ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ച് നീക്കാതിരിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും സംസ്ഥാന സര്‍‍ക്കാരും ഒത്തുകളിക്കുന്നു. റിസോര്‍ട്ട് അനധികൃതമാണെന്ന തീരദേശ പരിപാലന അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും സുപ്രീംകോടതിയിലെത്തിയില്ല. ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം വീണ്ടും സംസ്ഥാന തീരദേശപരിപാലന അതോറിറ്റിയോട് അഭിപ്രായം തേടിയിരിക്കുകയാണ്.

ആലപ്പുഴ പാണാവള്ളിയിലെ നെടിയതുരുത്തില്‍ 2006 ലാണ് സ്വന്തം സ്ഥലത്തിനൊപ്പം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും കയ്യേറി കായല്‍ നികത്തി തീരദേശ പരിപാലന നിയമം കാറ്റില്‍പ്പറത്തിക്കൊണ്ട് കാപ്പിക്കോ റിസോര്‍ട്ട് പടുത്തുയര്‍ത്തിത്തുടങ്ങിയത്. ഒരു മീറ്റര്‍ പോലും കായലില്‍ നിന്ന് അകലം പാലിക്കാതെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നികത്തി 2013 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്ക് കയ്യേറ്റം പൂര്‍ത്തിയായി. 2013 ല്‍ നെടിയതുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ടിനൊപ്പം തൊട്ടടുത്തുള്ള വെറ്റിലത്തുരുത്തിലെ വാമിക റിസോര്‍ട്ടും പൊളിച്ച് നീക്കാന്‍ കേരളാ ഹൈക്കോടതി ഉത്തരവിട്ടു. പിന്നാലെ സൂപ്രീംകോടതി വാമിക കേസില്‍ ഹൈക്കോടതി ഉത്തരവ് ശരിവെച്ചതോടെ വാമിക റിസോര്‍ട്ട് പൊളിച്ച് നീക്കി. 

കാപ്പിക്കോ റിസോര്‍ട്ടിനും ബാധകമായ വിധിയില്‍ പക്ഷേ കാപ്പിക്കോ പൊളിച്ച് നീക്കിയില്ല. പൊളിച്ച് നീക്കാനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതിനിടെ കാപ്പിക്കോ റിസോര്‍ട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചു. അതിനിടെ പൊളിക്കാതിരിക്കാന്‍ പല തവണയായി കാപ്പിക്കോ കേന്ദ്രത്തെ സമീപിച്ചുകൊണ്ടിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളാ തീരദേശ അതോറിറ്റിയോട് അഭിപ്രായവും ആരാഞ്ഞു. പത്മ മൊഹന്തി മെമ്പര്‍ സെക്രട്ടറി ആയിരിക്കെ കെട്ടിടം അനധികൃതമാണെന്ന നിര്‍ദ്ദേശം വെച്ച് 2018 ജനുവരി 28 ന് വിശദമായ റിപ്പോര്‍‍ട്ട് തയ്യാറാക്കി. 

പക്ഷേ ഒന്നും നടന്നില്ല. 2018 ഓഗസ്ത് മാസം ആറാം തീയ്യതി സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി വീണ്ടും ഇതേ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് കൈമാറി. അനധികൃത കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കണമെന്ന കാപ്പിക്കോയുടെ അപേക്ഷയില്‍ വീണ്ടും കേന്ദ്രം തീരദേശ പരിപാലന അതോറിറ്റിയോട് അഭിപ്രായം തേടി. ഇക്കഴിഞ്ഞ ജനുവരി അഞ്ചിന്‍റെ തീരദേശപരിപാലന യോഗത്തില്‍ ഇതേ നിലപാട് ആവര്‍ത്തിച്ച് തീരുമാനമെടുത്തെങ്കിലും ഇത് ഇതുവരെ സുപ്രീംകോടതിയുടെ മുന്നിലെത്തിയിട്ടില്ല.

ചുരുക്കത്തില്‍ 2013 ല്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവുണ്ടെങ്കിലും അത് നടപ്പാക്കാതിരിക്കുകയാണ് കേന്ദ്രവും സംസ്ഥാനവും ചെയ്യന്നത്. എങ്ങനെയെങ്കിലും പൊളിക്കാതെ നിലനിര്‍ത്തുകയെന്ന കാപ്പിക്കോ റിസോര്‍ട്ടിന്‍റെ ലക്ഷ്യം നിറവേറ്റാന്‍ ഒത്താശ ചെയ്യുകയാണ് കേന്ദ്രവും സര്‍ക്കാരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി
വെള്ളാപ്പള്ളി കാറിൽ കയറിയത് മഹാ അപരാധമായി ചിലർ ചിത്രീകരിക്കുന്നുവെന്ന് പിണറായി; 'തെരഞ്ഞടുപ്പ് തോൽവിയിൽ തിരുത്തൽ നടപടി ഉണ്ടാകും'