ഇന്ത്യയുടെ കൂടി ശ്രമഫലമായാണ് മോചനം സാധ്യമായതെന്ന് കേന്ദ്രസര്‍ക്കാ‍ര്‍

By Web DeskFirst Published Sep 12, 2017, 8:04 PM IST
Highlights

ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ സന്തോഷമുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യയുടെ കൂടി ശ്രമഫലമായാണ് മോചനം സാധ്യമായതെന്ന് കേന്ദ്രസര്‍ക്കാ‍ര്‍ വ്യക്തമാക്കി

ഉച്ചക്ക് ശേഷം 2.30ഓടെ ഒമാനി മാധ്യമങ്ങളാണ് ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനവാര്‍ത്ത പുറത്തു വിട്ടത്. പിന്നീട്  വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിവരം സ്ഥിരീകരിച്ചു. ഫാദര്‍ ടോം ഉഴുന്നാലിലിനെ രക്ഷപെടുത്തിയെന്നും ഇതില്‍ സന്തോഷമുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം 24ന് ക്രൈസ്തവസഭാ നേതാക്കള്‍ തന്നെ വന്നു കണ്ടപ്പോള്‍ ഫാദര്‍ ടോം ഉടന്‍ മോചിതനാവും എന്ന് വ്യക്തമാക്കിയ വാര്‍ത്തയും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. മോചനത്തിനുള്ള ശ്രമം തുടരുകയായിരുന്ന ഇന്ത്യ അവസാന ഓപ്പറേഷനില്‍ എങ്ങനെ ഇടപെട്ടു എന്ന വിവരം കേന്ദ്രം പുറത്തു വിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയ ശേഷം കേന്ദ്രം മോചനത്തിനായി ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചാണ് നീക്കം നടത്തിയിരുന്നത്. സൗദി, ഒമാന്‍, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി തന്നെ സംസാരിച്ചു. അടുത്തിടെ യെമന്‍ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുകയും ചെയ്തു. യെമനില്‍ ഇന്ത്യയ്‌ക്ക് എംബസി ഇല്ലാത്തതും വലിയ തടസ്സമായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ചില രഹസ്യാന്വേഷണ ഏജന്‍സികളുമായി കേന്ദ്രസര്‍‍ക്കാരിലെ ഉന്നതര്‍ സമ്പര്‍ക്കത്തിലായിരുന്നു എന്നാണ് സൂചന.  ഫാദര്‍ ടോം ജീവനോടെയുണ് എന്ന വിവരം മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിരുന്നത്. എന്തായാലും ടോം ഉഴുന്നാലിന്റെ മോചനം സാധ്യമായത് കേന്ദ്രത്തിന് വലിയ ആശ്വാസമായി.

click me!