ഇടതുപക്ഷം കൂടി ചേർന്നുണ്ടാക്കിയ രാഷ്ട്രീയ മുന്നണിയാണ് ഇന്ത്യാ സഖ്യമെന്നും കേരളത്തിന്‍റെ  ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ്..

ദില്ലി: ഇടതുപക്ഷ സർക്കാരിനെ കടന്നാക്രമിക്കുമ്പോൾ, ഇന്ത്യാ മുന്നണിയുടെ നേതാവാണെന്ന ബോധ്യം രാഹുൽഗാന്ധി മറക്കരുതെന്ന് കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് പറഞ്ഞു.ഇടതുപക്ഷം കൂടി ചേർന്നുണ്ടാക്കിയ രാഷ്ട്രീയ മുന്നണിയാണ് ഇന്ത്യാ സഖ്യം..ആ മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവ് സ്വന്തം ഘടകകക്ഷിക്കെതിരെ പറയുമ്പോൾ പക്വത പുലർത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ലോകസഭ പ്രതിപക്ഷ നേതാവായ രാഹുൽ കേരളത്തിന്റെ പ്രതിനിധിയായിരുന്നെന്ന കാര്യം സൗകര്യപൂർവ്വം മറക്കുന്നതാണോ?കേരളത്തിന്‌ ലഭിക്കേണ്ട നാൽപതിനായിരം കോടിയുടെ വിഹിതം കേന്ദ്രം തടഞ്ഞുവെക്കുമ്പോൾ അതിനെതിരെ മൗനം പാലിക്കുന്നത് എന്താണ്? ഇപ്പോൾ രാഹുലിന്റെ സഹോദരി പ്രതിനിധീകരിക്കുന്ന വയനാടിന് കൂടി അർഹതപ്പെട്ടതാണ് ആ വിഹിതം. വയനാട്ടിലെ തന്നെ പ്രകൃതി ദുരന്തത്തിന് സഹായം, കേരളത്തിന് എയിംസ്, അതിവേഗ റെയിൽ, വിഴിഞ്ഞം തുടർവികസനം തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ള വിഷയത്തിൽ ഇത് വരെ വാ തുറക്കാതിരുന്ന രാഹുൽ, ജനക്ഷേമപദ്ധതികളുമായി മൂന്നാം ഊഴത്തിനിറങ്ങുന്ന ഇടതുമുന്നണിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്ത പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു