പ്രവാസി വോട്ട്; നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം

By Web DeskFirst Published Jul 21, 2017, 1:32 PM IST
Highlights

ദില്ലി: പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിയമഭേദഗതിക്കായുള്ള ബില്ല് എത്രസമയത്തിനകം തയ്യാറാക്കാനാകുമെന്ന് അറിയിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.രണ്ടര കോടിയിലധികം വരുന്ന പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായി ഷംസീര്‍ വയലില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്.

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കാന്‍ 1951ലെ ജനപ്രാതനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനമെടുത്തതായി കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിതല സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതെന്നും നിയമഭേദഗതിക്കായി ബില്ല് തയ്യാറാക്കുന്നതടക്കമുള്ള നടപടികള്‍ തുടര്‍ന്ന് സ്വീകരിക്കും.

അതേസമയം നിയമഭേദഗതി ബില്ല് എത്രസമയത്തിനകം പാസാക്കാനാകുമെന്ന് പറയാനാകില്ല. ബില്ല് എപ്പോള്‍ പാസാക്കണം എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്‍റാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അത്തരത്തിലുള്ള അഭിപ്രായം സ്വീകാര്യമല്ലെന്ന് അറിയിച്ച കോടതി നിയമഭേദഗതി ബില്ല് എത്രസമയത്തിനകം തയ്യാറാക്കുമെന്ന് അറിയിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

പ്രവാസി വോട്ടവകാശം ഉറപ്പാക്കുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം അറിയിക്കാത്തതിന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് വലിയ വിമര്‍ശനമാണ് കേള്‍ക്കേണ്ടിവന്നത്. ഉടന്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ അതിനായി ഉത്തരവിറക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് താക്കീത് നല്‍കിയതോടെയാണ് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചത്.

click me!