ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവം: കേന്ദ്ര എസ്ടി കമ്മീഷൻ തിങ്കളാഴ്ച കേരളത്തിലെത്തും

By Web DeskFirst Published Feb 23, 2018, 2:59 PM IST
Highlights

ദില്ലി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ്ഗകമ്മീഷന്‍ ഇടപെടുന്നു. കേന്ദ്ര എസ്ടി കമ്മീഷൻ ചെയർമാൻ നന്ദ കുമാർ സയ് തിങ്കളാഴ്ച അട്ടപ്പാടിയിൽ എത്തും. വൈസ് ചെയർപേഴ്‌സൺ അൻസൂയിയ ഒയിക്കിയാണ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്.  

വിഷയം ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് കമ്മിഷൻ കേന്ദ്ര എസ്ടി അടിയന്തര യോഗം ചേരും. കൂടാതെ കമ്മീഷന്‍ 
ഡിജിപി യോടും ചീഫ് സെക്രട്ടറിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. 

ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്‌ടിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ഇയാള്‍ മോഷ്‌ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

click me!