
മുംബൈ: രാജ്യത്തെ ജനാധിപത്യം കോണ്‍ഗ്രസ് സംരക്ഷിച്ചതുകൊണ്ടാണ് ചായക്കച്ചവടക്കാരന് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് എന്താണ് രാജ്യത്ത് ചെയ്തതെന്ന് എല്ലാ പരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിക്കാറുണ്ട്. ഞങ്ങള്‍ ജനാധിപത്യം കാത്തുസൂക്ഷിച്ചതുകൊണ്ടാണ് ഇവിടെ ഒരു ചായക്കച്ചവടക്കാരന് പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞത്. ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരവധി പദ്ധതികള്‍ എണ്ണിയെണ്ണിപ്പറഞ്ഞ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവയെല്ലാം ദയനീയമായി പരിജയപ്പെടുകയാണെന്നും കുറ്റപ്പെടുത്തി.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ബിജെപി മനഃപൂര്‍വ്വം ചെയ്യുന്നത് തന്നെയാണ് അത്തരം കാര്യങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസ് മുഴുവന്‍ ഒരു കുടുംബമാണ്. നമ്മളെല്ലാവരും അതിലെ അംഗങ്ങളും. 43 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെക്കുറിച്ച് മോദി എപ്പോഴും സംസാരിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമെന്താണ്? കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. കാര്‍ഷിക പദ്ധതികള്‍ പരാജയപ്പെടുന്നു. കര്‍ഷകര്‍ക്ക് വായ്പകള്‍ പോലും ലഭിക്കുന്നില്ല. വ്യാപാരം മന്ദഗതിയിലാണ്. മറുവശത്ത് പരസ്യം ചെയ്യാന്‍ വേണ്ടി കോടികള്‍ ചിലവാക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങിയാലേ ഇനി രാജ്യത്ത് അച്ഛാ ദിന്‍ വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam