തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച ഔദ്യോഗിക സമ്മാനങ്ങൾ മറിച്ചുവിറ്റുവെന്ന കുറ്റത്തിനാണ് റാവൽപിണ്ടിയിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
കറാച്ചി : തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ വിധിച്ചു. ഇമ്രാൻ ഖാൻ ജയിലിൽ കഴിയുന്ന റാവൽപിണ്ടിയിലെ അതീവ സുരക്ഷാ ജയിലായ അദിയാലയിൽ നടന്ന വിചാരണയിൽ പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അർജുമന്ത് ആണ് വിധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയായിരിക്കെ വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ച വിലപിടിപ്പുള്ള ഔദ്യോഗിക സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുകയും മറിച്ചുവിൽക്കുകയും ചെയ്തുവെന്നാണ് ഇമ്രാൻ ഖാനെതിരായ കുറ്റം.
വിശ്വാസ വഞ്ചനയ്ക്ക് 10 വർഷത്തെ കഠിനതടവും, അഴിമതി നിരോധന നിയമപ്രകാരം 7 വർഷത്തെ തടവുമാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഇരുവരും 16.4 ദശലക്ഷം പാകിസ്ഥാൻ രൂപ പിഴയായും ഒടുക്കണം. 2021-ൽ സൗദി ഭരണകൂടത്തിൽ നിന്ന് ലഭിച്ച ആഭരണങ്ങളും വാച്ചുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കൈകാര്യം ചെയ്തതിൽ തട്ടിപ്പ് നടന്നുവെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. പ്രതികളുടെ പ്രായവും ബുഷ്റ ബീബി ഒരു സ്ത്രീയാണെന്നതും പരിഗണിച്ചാണ് താരതമ്യേന കുറഞ്ഞ ശിക്ഷ നൽകുന്നതെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
രാഷ്ട്രീയ പ്രേരിതമായ വിധിയെന്ന് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പ്രതികരിച്ചു. പ്രതിഭാഗം കേൾക്കാതെയാണ് വിധി പ്രഖ്യാപിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും പറഞ്ഞു. നിലവിൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് ഇതൊരു കനത്ത തിരിച്ചടിയാണ്. ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും.
ഏഷ്യാനെറ്റ് ന്യൂസ്



