സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ചന്ദ്രബോസിന്റെ മകന്‍

By Web DeskFirst Published Jun 5, 2017, 10:46 AM IST
Highlights

തൃശൂര്‍: സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ്. ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിന് ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അമല്‍ ദേവ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിസാമിന് ശിക്ഷായിളവ് നല്‍കുമെന്ന വാര്‍ത്ത ഭയപ്പെടുത്തിയെന്നും അമല്‍ദേവ് പറഞ്ഞു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി  സി പി ഉദയഭാനുവിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പലവട്ടം മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാല്‍ യാതൊരു മറുപടിയും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായില്ല.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേസ് നേരായ രീതിയില്‍ പോകുമെന്ന് വിശ്വാസമുണ്ടായിരുന്നു. ഇപ്പോള്‍ കുടുംബത്തിനാകെ ഭയമാണെന്നും അമല്‍ ദേവ് വ്യക്തമാക്കി. നിസാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകള്‍ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. നിസാമിന് പരോള്‍ ലഭിക്കുന്നതിന് വേണ്ടി സമ്മര്‍ദ്ദതന്ത്രം എന്ന നിലയിലായിരുന്നു പൊതുയോഗം.

പൊതുകാര്യ ധനസഹായിയും കാരുണ്യ ധര്‍മ്മസ്നേഹിയുമായ മുഹമ്മദ് നിസാമിന്റെ ജയില്‍ മോചനത്തിനായി പൊതുയോഗം സംഘടിപ്പിക്കുന്നുവെന്നാണ് സംഘാടകര്‍ പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. മാധ്യമങ്ങള്‍ പെരുപ്പിച്ചതാണ് നിസാം കേസ് എന്നും ഇവര്‍ പറയുന്നു. മുറ്റിച്ചൂരില്‍ ജൂണ്‍ 1നായിരുന്നു പൊതുയോഗം

 

click me!