
കുണ്ടറയില്‍ ബലാത്സംഗക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മുത്തച്ഛൻ ഒന്നാം പ്രതിയും മുത്തശ്ശി രണ്ടാം പ്രതിയുമാണ്.
ഏറെ കേളിളക്കമുണ്ടാക്കിയ കുണ്ടറ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്ത് 70 ദിവസം ആകുമ്പോഴാണ് കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. ആത്മഹത്യയെന്ന് പറഞ്ഞ് ആദ്യം കുണ്ടറ പൊലീസ് എഴുതിതള്ളിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ വെളിപ്പെടുത്തലോടെയാണ് പുനരന്വേഷണം നടക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ മുത്തച്ഛനാണ് പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതെന്ന് പൊലീസിന് മനസിലായി. മുത്തശ്ശിയുടെ അറിവോടെ ആയിരുന്നു ഇത്. നാല് ദിവസത്തെ ദീര്‍ഘമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു പ്രതികളുടെ കുറ്റസമ്മതം. ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, ആത്മഹത്യാ പ്രേരണ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കേസിലെ പ്രതികള്‍ ഇപ്പോള്‍ ജയിലിലാണ്.
കേസിന്റെ വിചാരണ ഉടൻ ആരംഭിക്കും. 2017 ജനുവരി 15 നാണ് കുണ്ടറയിലെ വീട്ടില്‍ ജനല്‍ക്കമ്പിയില്‍ പത്ത് വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇരുപത്തിരണ്ടാം തീയതി ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് വ്യക്തമായെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുത വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് കുണ്ടറ സി.ഐയെയും എസ്ഐയെയും സസ്പെന്‍റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയേയും അമ്മയേയും ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തില്‍ മുത്തച്ഛന്‍റെ പങ്കിനെക്കുറിച്ച് പൊലീസ് മനസിലാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam