കുട്ടി ബാറ്ററികൾ വായിലിടുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഒട്ടും വൈകാതെ തന്നെ കുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ചു. ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണന്റെ നേതൃത്വത്തിലാണ് ബാറ്ററികൾ പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്.

മേപ്പാടി: കളിക്കുന്നതിനിടെ അബദ്ധത്തിൽ അഞ്ച് ബാറ്ററികൾ വിഴുങ്ങിയ രണ്ട് വയസ്സുകാരന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടത്തിയ അടിയന്തര എൻഡോസ്കോപ്പിയിലൂടെ പുനർജന്മം. ബത്തേരി മൂലങ്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് കളിപ്പാട്ടത്തിലെ ബാറ്ററികൾ വിഴുങ്ങിയത്. ഡോക്ടർമാരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവാക്കാനായി.

Add Asianetnews as a Preferred SourcegooglePreferred

കുട്ടി ബാറ്ററികൾ വായിലിടുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഒട്ടും വൈകാതെ തന്നെ കുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ചു. ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണന്റെ നേതൃത്വത്തിലാണ് ബാറ്ററികൾ പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. എൻഡോസ്കോപ്പിയിലൂടെ അഞ്ച് ബാറ്ററികളും സുരക്ഷിതമായി പുറത്തെടുത്തു. ഡോ. അഖിൽ, ഡോ. അഞ്ജന എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി.

ബാറ്ററികൾ വിഴുങ്ങുന്നത് ജീവന് തന്നെ ഭീഷണിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു: വയറ്റിലെ അസിഡിക് പ്രവർത്തനം മൂലം ബാറ്ററികൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ബാറ്ററി പൊട്ടിയാൽ പുറന്തള്ളപ്പെടുന്ന രാസവസ്തുക്കൾ കുടൽ, കരൾ തുടങ്ങിയ പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ നാശമുണ്ടാക്കും. കൃത്യസമയത്ത് എൻഡോസ്കോപ്പിയിലൂടെ ഇവ പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിൽ സങ്കീർണ്ണമായ ശസ്ത്രക്രിയകളിലേക്ക് നീങ്ങേണ്ടി വരുമായിരുന്നു.

ഡോക്ടറുടെ മുന്നറിയിപ്പ്

കുട്ടികൾ കളിപ്പാട്ടങ്ങൾ ഉപയോഗിക്കുമ്പോൾ മുതിർന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ നിർദ്ദേശിച്ചു. കുട്ടികൾക്ക് അവരുടെ പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങൾ മാത്രം നൽകുക. ചെറിയ പാർട്ടുകൾ ഉള്ളതോ, ബാറ്ററി എളുപ്പത്തിൽ ഊരിയെടുക്കാവുന്നതോ ആയ കളിപ്പാട്ടങ്ങൾ ഒഴിവാക്കുക. കുട്ടികൾ കളിക്കുമ്പോൾ എപ്പോഴും മുതിർന്നവരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.