എട്ടു വയസുകാരിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്തു കൊന്ന സംഭവം;ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Web Desk |  
Published : Apr 12, 2018, 01:02 AM ISTUpdated : Jun 08, 2018, 05:49 PM IST
എട്ടു വയസുകാരിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്തു കൊന്ന സംഭവം;ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Synopsis

ജമ്മു ഖസ്മീരില്‍ എട്ടു വയസുകാരിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്തു കൊന്ന സംഭവം കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയായ ബാലികയെ പൊലീസുകാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസന്വേഷിച്ച ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കുറ്റപത്രത്തില്‍ സംഭവത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.

കൊല്ലപ്പെടുന്നതിനു മുമ്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്നു വട്ടം കൂട്ടബലാത്സംഗം ചെയ്തതെന്നും ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചതും ഉള്‍പ്പെടെ കൊടുംക്രൂരതയുടെ ഞെട്ടിക്കുന്ന വിവരണങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനവരി 10 നാണ്  കുത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ്  ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കി. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്‍ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി. ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ പിന്നീട് ക്രൈംബ്രാഞ്ച് കേസില്‍  പ്രതി ചേര്‍ത്ത ദീപക് ഖജൂരിയ അടങ്ങുന്ന ഹീരാനഗര്‍സ്റ്റേഷനിലെ പ്രത്യേക പോലീസ് സംഘം തന്നെയാണ് പെണ്‍കുട്ടിയെ അന്വേഷിച്ചതെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം.

സംഭവത്തെക്കുറിച്ച് ക്രൈബ്രാഞ്ചിന്‍റെ കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെയാണ്. റവന്യൂവകുപ്പില്‍ നിന്നും വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗ-കൊലപാതകത്തിന്റെ സൂത്രധാരന്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുക, ബലാത്സംഗം ചെയ്യുക, കൊല്ലുക എന്നീ പദ്ധതികള്‍ തയ്യാറാക്കിയത് സഞ്ജിറാമാണ്. ബക്കര്‍വാളുകളെ ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുക എന്ന പ്രദേശിക ഹൈന്ദവസംഘത്തിന്റെ തീരുമാനപ്രകാരമായിരുന്നു കൊടുംക്രൂരത. സഞ്ജി റാമും മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. എസ്‍പിഒ ഖജൂരിയയും സുഹൃത്ത് വിക്രമും ചേര്‍ന്നാണ് കുട്ടിയെ മയക്കുന്നതിനുള്ള മരുന്ന് വാങ്ങിക്കുന്നത്. മറ്റൊരാളുടെ കുറിപ്പടി ഉപയോഗിച്ചായിരുന്നു ഇത്.

കുതിര കാട്ടിലേയ്ക്ക് ഓടിപ്പോയെന്ന് പറഞ്ഞാണ് സഞ്ജി റാമിന്‍റെ മരുമകന്‍ പെണ്‍കുട്ടിയെ വനപ്രദേശത്തേയ്ക്ക്  കൊണ്ടുവരുന്നത്. അയാള്‍ക്കൊപ്പം പ്രതിയായ പര്‍വേശ് എന്ന മന്നുവും ഉണ്ടായിരുന്നു. ഇതിനിടെ അപകടം തിരിച്ചറിഞ്ഞ പെണ്‍കുട്ടി വീടിന്റെ സമീപത്തേക്ക് ഓടി. പക്ഷേ ഇരുവരും ചേര്‍ന്ന് വായ പൊത്തിപ്പിടിച്ച് അവളെ വലിച്ചിഴച്ചു. ബോധം നശിച്ച പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത പ്രതി അപ്പോള്‍ തന്നെ ബലാത്സംഗം ചെയ്തു. പിന്നീട് മന്നുവും അവളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു.

തുടര്‍ന്ന് ദേവസ്ഥാനത്തെ പ്രാര്‍ത്ഥനമുറിയില്‍ പെണ്‍കുട്ടിയെ അടച്ചു പൂട്ടി. ഖജൂരിയയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇടയ്ക്കിടെ മുറിയില്‍ കയറി മയക്കാനുള്ള ഗുളിക പെണ്‍കുട്ടിയുടെ വായില്‍ തിരുകി വെള്ളം കുടിപ്പിച്ചുകൊണ്ടേയിരുന്നു. മീററ്റിലായിരുന്ന വിശാല്‍ ഗംഗോത്രയെ ജനുവരി 11ന് നാട്ടിലേക്ക് വിളിച്ചുവരുത്തി. കാമപൂര്‍ത്തികരണത്തിന് ആഗ്രഹമുണ്ടെങ്കില്‍ നാട്ടിലേയ്ക്ക് വരാന്‍ പ്രതികള്‍ ഫോണില്‍ വിളിച്ച് പറഞ്ഞത് അനുസരിച്ചാണ് ഇയാള്‍ വന്നത്. ജനുവരി 12ന് ആറുമണിയോടെ ഗംഗോത്ര രസനയിലെത്തി.
അതേസമയം പ്രതിയായ ഖജൂരിയ അടങ്ങുന്ന ഹീരാനഗര്‍ സ്റ്റേഷനിലെ പോലീസ് സംഘം പെണ്‍കുട്ടിയെ അന്വേഷണവും ആരംഭിച്ചിരുന്നു. ജനുവരി 13ന് ദേവസ്ഥാനത്തെത്തിയ വിശാല്‍ ഗംഗോത്രയും സഞ്ജുറാമും മരുമകനും പെണ്‍കുഞ്ഞിന് മേല്‍ ചിലപൂജകള്‍ നടത്തി. തുടര്‍ന്ന് വിശാല്‍ ഗംഗോത്രയും മരുമകനും കുഞ്ഞിനെ ബലാത്സംഗം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദേവസ്ഥാനത്ത് തന്നെ പ്രതികള്‍ മാറിമാറി കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊണ്ടിരുന്നു.

അതിനിടെ കുട്ടിയെ തേടി മാതാപിതാക്കള്‍ ഈ ദേവസ്ഥാനത്തുമെത്തി. സഞ്ജുറാമിനോട് മകളെ കണ്ടോ എന്നു ചോദിച്ചു. പക്ഷേ വല്ല ബന്ധുവീട്ടിലും പോയതാകുമെന്ന് പറഞ്ഞ് സഞ്ജുറാം അവരെ ഒഴിവാക്കി. ഈ ദിവസങ്ങളിലൊക്കെ ഖജൂരിയയുടെ നേതൃത്വത്തിലുള്ള പൊലീസുകാരും കുട്ടിയ തേടുന്ന ഭാവത്തില്‍ നടന്നു. സംഭവം അറിയാമായിരുന്ന പ്രാദേശിക പൊലീസുകാര്‍ക്ക് ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും കുറ്റപത്രം പറയുന്നു.

ഒടുവില്‍ ജനുവരി 15ന് കുട്ടിയെ കൊന്ന് കാട്ടില്‍ തള്ളാന്‍ സഞ്ജുറാം നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പ്രായപൂര്‍ത്താകാത്ത പ്രതിയും മന്നുവും ഖജൂരിയയും ചേര്‍ന്ന് ദേവസ്ഥാനത്ത് നിന്ന് വനപ്രദേശത്തെ ഒരു കലുങ്കിന്റെ അടിയിലേയ്ക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി. കൊല്ലുന്നതിന് തൊട്ടുമുമ്പ് പൊലീസുകാരനായ ഖജൂരിയ ഒരിക്കല്‍ കൂടി കുട്ടിയെ ബലാത്സംഗം ചെയ്തു. ഇരയ്ക്ക് മേല്‍ തികച്ചും നിഷ്ഠൂരമായ ബലാത്സംഗം പലവട്ടം ആവര്‍ത്തിച്ച ഖജൂരിയ തന്റെ ഇടത്തെ തുട കുട്ടിയുടെ കുഴുത്തില്‍ വച്ച ശേഷം കൈകള്‍ക്കൊണ്ട് കഴുത്തൊടിച്ചുവെന്നും എന്നിട്ടും മരിക്കാത്ത കുട്ടിയുടെ പുറത്ത് മുട്ടികുത്തിനിന്ന് ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്നുമാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. തുടര്‍ന്നും മരണം ഉറപ്പിക്കാന്‍ പാറക്കല്ലുകൊണ്ട് രണ്ട് തവണ ശക്തമായി ഇടിക്കുകയും ചെയ്തു.

ദീപക് ഖജൂരിയയെ കൂടാതെ പ്രത്യേക പോലീസ് ഉദ്യോഗസ്ഥരായ  സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്കോണ്‍സ്റ്റബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദത്ത, രാജ് എന്നീ പോലീസുകാരെ തെളിവുനശിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റുചെയ്തത്.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭങ്ങല്‍ക്കൊടുവില്‍ ജനുവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ഇതിനിടെ ഖജൂരിയയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് മാസത്തോളം ഒളിവിൽ കഴിഞ്ഞു, പിടിയിലായത് കോഴിക്കോട് നിന്ന്; ബത്തേരിയിൽ യുവാക്കളെ മയക്കുമരുന്നുമായി പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് നാല് ക്വട്ടേഷൻ ഗ്രൂപ്പുകൾ ചേർന്ന്; പിന്നിൽ ഖത്തർ പ്രവാസിയെന്ന് അന്വേഷണ സംഘം