സുല്‍ത്താന്‍ബത്തേരി മന്തട്ടിക്കുന്നില്‍ എംഡിഎംഎയുമായി 4 യുവാക്കളെ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ബത്തേരി സ്വദേശി കെ. അനസിനെ കോഴിക്കോട് വെച്ചാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്ക് മയക്കുമരുന്ന് നൽകുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

സുല്‍ത്താന്‍ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്ന് എംഡിഎംഎയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയ ആളെ അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ ബത്തേരി മുള്ളന്‍ക്കുന്ന് കണ്ടാക്കൂല്‍ വീട്ടില്‍ കെ. അനസ് (34) ആണ് ബത്തേരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ നവംബര്‍ 20നാണ് മന്തട്ടിക്കുന്നിലെ വീട്ടില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ യുവാക്കള്‍ പോലീസ് പിടിയിലായത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനസിനായി പോലീസ് അന്വേഷണം തുടരുന്നതിനിടെ ഡിസംബര്‍ 29ന് കോഴിക്കോട് തിരുവള്ളൂരില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

ബത്തേരി കുപ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ ബൈജു (23), ചെതലയം കയ്യാലക്കല്‍ വീട്ടില്‍ കെ.എം ഹംസ ജലീല്‍ (28), മൂലങ്കാവ് കാടന്‍തൊടി വീട്ടില്‍ കെ.ടി നിസാര്‍(34), കൈപ്പഞ്ചേരി പുന്നപ്പറമ്പില്‍ വീട്ടില്‍ പി.ആര്‍ ബവനീഷ് (23) എന്നിവരെയാണ് കേസില്‍ ആദ്യം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പ്രതികളിലൊരാളായ ബൈജുവിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 21.48 ഗ്രാം എം.ഡി.എം.എയും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു.

ബത്തേരി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ജെസ്വിന്‍ ജോയ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലബ്‌നാസ്, മുസ്തഫ, സിവില്‍ പോലീസ് ഓഫീസര്‍ സിജോ എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യപ്രതിയായ അനസിനെ പിടികൂടിയത്. അനസിന് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന കണ്ണികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.