
കോഴിക്കോട്: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി പെൺസുഹൃത്തിനെതിരെ പരാതി നല്‍കി. വിവാഹത്തിന് വേണ്ടി പുരുഷനായി മാറാൻ പ്രേരിപ്പിച്ച പെൺസുഹൃത്ത് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ വഞ്ചിച്ചുവെന്നാണ് ദീപുവെന്ന അർച്ചന രാജിന്‍റെ പരാതി.
കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരായിരുന്നു അർച്ചനയും സുഹൃത്തും. ജോലി സ്ഥലത്ത് വച്ചാണ് പരസ്പരം പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായെന്ന് അർച്ചന പറയുന്നു. ഒരുമിച്ച് ജീവിക്കാൻ അർച്ചന ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറി. ദീപുവെന്ന പേരും സ്വീകരിച്ചു. സുഹൃത്തിന്‍റെ പ്രേരണയാലാണ് ശസ്ത്രക്രിയക്ക് തയ്യാറായതെന്ന് ദീപു പറയുന്നു. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞതോടെ സുഹൃത്ത് വിവാഹത്തിൽ നിന്ന് പിൻമാറിയെന്നാണ് പരാതി.
ദീപുവിന്‍റെ പരാതിയെ തുടർന്ന് പെരുവണ്ണാമുഴി പൊലീസ് ഇരുവരെയും വിളിച്ചുവരുത്തി.എന്നാൽ പരാതി വ്യാജമാണെന്നായിരുന്നു സുഹൃത്തിന്‍റെ നിലപാട്. ഇതോടെ പൊലീസ് കൈമലർത്തി. തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും അവിടെയും യുവതി പരാതി നിഷേധിച്ചു. ദീപു ഭീഷണിപ്പെടുത്തുന്നതായും യുവതി കോടതി മുമ്പാകെ പറഞ്ഞു. എന്നാൽ തങ്ങളുടെ പ്രണയബന്ധം തെളിയിക്കുന്ന കോൾ റെക്കോർഡുകളും വാട്സ്ആപ്പ് ചാറ്റും കൈവശമുണ്ടെന്ന് ദീപു പറയുന്നു. മേൽകോടതിയെ സമീപിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് ദീപു. തുടർന്നും പുരുഷനായി തന്നെ ജീവിക്കുമെന്ന് ദീപു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam