കാമുകനുമൊത്ത് ജീവിക്കാന്‍ ഭാര്യയെ കൊന്നകേസില്‍ യുവാവ് കുറ്റക്കാരനെന്ന് കോടതി

By Web TeamFirst Published Dec 5, 2018, 3:07 PM IST
Highlights

ജെസീക്കയെ കെട്ടിയിട്ട ശേഷം ശരീരത്തിലേക്ക് ഇന്‍സുലിന്‍ അമിതമായ അളവില്‍ കുത്തിവച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് കവര്‍ കഴുത്തില്‍ കുടുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. ഫാര്‍മസിസ്റ്റായ ജസീക്ക പട്ടേലിനെ ഭര്‍ത്താവ് മിതേഷ് പട്ടേല്‍ ഇന്‍സുലിന്‍ കുത്തിവച്ചും പ്ലാസ്റ്റിക് കൂട് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ വരുന്ന ദിവസം വിധിയ്ക്കും. 

സ്വവര്‍ഗാനുരാഗിയായ മിതേഷ് പുരുഷ സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. ഡേറ്റിംഗ് ആപ്പിലൂടെയാണ് മിതേഷ് സുഹൃത്തായ ഡോ. അമിത് പട്ടേലിനെ പരിചയപ്പെട്ടത്. 

2018 മെയ് 14നാണ് ജസീക്കയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ആദ്യം മിതേഷ് പറഞ്ഞത്. എന്നാല്‍ പിന്നീട് മിതേഷിന്‍റെ പങ്ക് തെളിയുകയായിരുന്നു. ജസീക്കയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുകയുമായി സുഹൃത്തിനൊപ്പം കടന്നുകളയാനാണ് മിതേഷ് പദ്ധതിയിട്ടിരുന്നത്. 

പഠനത്തിനിടെ മാഞ്ചസ്റ്ററില്‍ വച്ചാണ് മിതേഷും ജസീക്കയും പരിചയപ്പെട്ടത്. പിന്നീട് വിവാഹിതരായ ഇവര്‍ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ ഫാര്‍മസി ആരംഭിക്കുകയായിരുന്നു. കൂട്ടുകാരനുമൊത്ത് ജീവിക്കാന്‍ ഭാര്യയെ കൊല്ലാന്‍ വേണ്ടിയുള്ള വിവിധ വഴികള്‍ ഇയാള്‍ ഇന്‍റര്‍നെറ്റില്‍ തെരഞ്ഞതായി അന്വേഷണ സംഘം കണ്ടെത്തി. 

ജെസീക്കയെ കെട്ടിയിട്ട ശേഷം ശരീരത്തിലേക്ക് ഇന്‍സുലിന്‍ അമിതമായ അളവില്‍ കുത്തിവച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് കവര്‍ കഴുത്തില്‍ കുടുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് വാദത്തില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

click me!