പ്രതികളുമായി വരികയായിരുന്ന പൊലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു

By Web DeskFirst Published Mar 30, 2018, 10:13 AM IST
Highlights

അപകടം നടന്നവിവരം കോയമ്പത്തൂര്‍ റൂറല്‍ പൊലീസിനെ അറിയിക്കാതെ മറ്റൊരു വാഹനം ചെന്നൈയില്‍ നിന്ന് എത്തിച്ച് പ്രതികളെയും മറ്റും കൊണ്ടുപോവുകയായിരുന്നു.

കോയമ്പത്തൂര്‍: അറസ്റ്റ് ചെയ്ത പ്രതികളെയുമായി വരുന്നതിനിടെ തമിഴ്‍നാട് പൊലീസിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച രാവിലെ കല്ലാര്‍ - കൂനൂര്‍ റോഡിലെ രണ്ടാം ഹെയര്‍പിന്‍ വളവിലാണ് ടെംപോ ട്രാവലര്‍ വാഹനം അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തില്‍ കലാശിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ആറ് പൊലീസുകാരും അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പ്രതികളുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പൊലീസിന്റെ ഔദ്ദ്യോഗിക വിശദീകരണം. എന്നാല്‍ ഏഴ് പ്രതികളുള്‍പ്പെടെ 14 പേര്‍ വാഹനത്തിലുണ്ടായിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല. അപകടം നടന്നവിവരം കോയമ്പത്തൂര്‍ റൂറല്‍ പൊലീസിനെ അറിയിക്കാതെ മറ്റൊരു വാഹനം ചെന്നൈയില്‍ നിന്ന് എത്തിച്ച് പ്രതികളെയും മറ്റും കൊണ്ടുപോവുകയായിരുന്നു. ഇതുവവഴി യാത്ര ചെയ്യുകയായിരുന്ന ചിലര്‍ മേട്ടുപ്പാളയം സ്റ്റേഷനില്‍ അറിയിച്ചപ്പോള്‍ മാത്രമാണ് അപകടം നടന്ന വിവരം റൂറല്‍ പൊലീസ് അറിഞ്ഞത്. തുടര്‍ന്ന് മേട്ടുപ്പാളയം  പൊലീസെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ആരൊക്കെയാണ് വാഹനത്തിലുണ്ടായിരുന്നതെന്നും എങ്ങനെയാണ് അപകടം നടന്നതെന്നും സംബന്ധിച്ച വിവരങ്ങള്‍ ചെന്നൈ പൊലീസ് ഇവര്‍ക്ക് നല്‍കാനും തയ്യാറായില്ല. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

ബുധനാഴ്ച രാത്രിയാണ് ചെന്നൈ പൊലീസിലെ പ്രത്യേക സംഘം നീലഗിരി ജില്ലയിലെ ഉദഗമണ്ഡലത്തിലെത്തി പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തു. 

click me!