2026 മാർച്ച് 31 വരെ അപേക്ഷാ ഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവയില്ലാതെ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി പിഴ ഒഴിവാക്കാം.
തിരുവനന്തപുരം: വീടുകളിലോ സ്ഥാപനങ്ങളിലോ വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ പിഴയും നിയമനടപടികളും ഒഴിവാക്കാൻ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാനുള്ള നടപടിക്രമങ്ങൾ കെഎസ്ഇബി ലഘൂകരിച്ചു. 2026 മാർച്ച് 31 വരെയാണ് ഉപഭോക്താക്കൾക്ക് ഈ പ്രത്യേക ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക.
കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിനായി സാധാരണ ഈടാക്കാറുള്ള പ്രധാന ഫീസുകൾ കെഎസ്ഇബി ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാ ഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ നൽകേണ്ടതില്ല. അധിക ലോഡ് നൽകുന്നതിനായി വിതരണ ശൃംഖലയിൽ, ലൈൻ മാറ്റുകയോ പുതിയ പോസ്റ്റ് ഇടുകയോ ചെയ്യുകയോ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ മാത്രം അതിന്റെ തുക ഉപഭോക്താവ് അടയ്ക്കേണ്ടി വരും. എല്ലാ വിഭാഗം എൽ.ടി ഉപഭോക്താക്കൾക്കും ഈ സൗകര്യം ഉപയോഗിക്കാം. എന്നാൽ ഏതെങ്കിലും നിയമപരമായ തടസ്സങ്ങളോ പരാതികളോ നിലനിൽക്കുന്ന കണക്ഷനുകളിൽ അവ പരിഹരിച്ച ശേഷം മാത്രമേ ലോഡ് ക്രമീകരണം അനുവദിക്കുകയുള്ളൂ.
രണ്ട് രീതിയിൽ അപേക്ഷ
കെഎസ്ഇബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് wss.kseb.in എന്ന വെബ്സൈറ്റിലൂടെ നേരിട്ട് അപേക്ഷിക്കാം. അതല്ലെങ്കിൽ, അതത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ പൂരിപ്പിച്ച അപേക്ഷയും തിരിച്ചറിയൽ രേഖയും, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷനും നൽകി അപേക്ഷിക്കാം. മറ്റ് സങ്കീർണ്ണമായ രേഖകളൊന്നും ഇതിനായി ആവശ്യമില്ല. ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള പിഴകളും നിയമനടപടികളും ഒഴിവാക്കാൻ ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ഇബി അറിയിച്ചു.


