
തിരുവനന്തപുരം: ആര്‍സിസിയിലെ ചികിത്സാപ്പിഴവില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൗരവമേറിയ വിഷയമാണെന്നും ചെന്നിത്തല പറഞ്ഞു. ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആര്‍സിസിയുടെ രക്തബാങ്ക് പ്രവർത്തിക്കുന്നത് അടിസ്ഥാന മാർഗനിര്‍ദേശങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം. എച്ചൈഐവി ഫലം പോസിറ്റീവെന്ന് കണ്ടെത്തിയ ആളുടെ രക്തം വീണ്ടും സ്വീകരിച്ചെന്ന് വ്യക്തമാക്കുന്ന, ട്രാന്‍സ്ഫ്യൂഷൻ മെഡിസിൻ ഡോക്ടറുടെ കത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ആര്‍സിസിയില്‍ നിന്ന് ശ്രീചിത്രയിലേക്ക് നല്‍കിയ രക്തത്തിലും രോഗാണുക്കളെ കണ്ടെത്തിയതായും വ്യക്തമായി.
ആര്‍സിസിയില്‍ എച്ച്ഐവി ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചതിന് പിന്നാലെയാണ് ഈ ആരോപണം. ആരോഗ്യ മന്ത്രിക്കെതിരെ ആര്‍സിസിയില്‍ എച്ച്ഐവി ബാധിച്ച് മരിച്ച കുട്ടിയുടെ അച്ഛന്‍ ഷിജിയും രംഗത്തെത്തിയിരുന്നു. പരാതി പറഞ്ഞപ്പോള്‍ കെ.കെ ശൈലജ ധാര്‍ഷ്ഠ്യത്തോടെ പെരുമാറിയെന്ന് ഷിജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വേദന പങ്കുവച്ചപ്പോള്‍ നിങ്ങള്‍ക്ക് കുഴപ്പമില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണമെന്നും ഷിജി കൂട്ടിച്ചേര്‍ത്തു. അതേസമയം, കുട്ടിയുടെ രക്തം വീണ കിടക്കവിരി ആശുപത്രി ജീവനക്കാര്‍ കഴുകാതെ വേറെ പുതിയ ബക്കറ്റ് കൊണ്ടുവന്ന് ഗ്ലൗസിട്ട് തന്നെ കൊണ്ട് ഷീറ്റ് കഴുകിച്ചെന്ന് അമ്മ ലേഖാ ഷിജി ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. മറ്റുള്ളവര്‍ തങ്ങളുടെ കയ്യില്‍ നിന്ന് ചോറിനുള്ള കറി വാങ്ങുന്നത് പരസ്യമായി തടഞ്ഞു. വസ്ത്രങ്ങള്‍ പ്രത്യേകം കവറിലാക്കി സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ഉപയോഗിക്കാന്‍ പ്രത്യേകം ബക്കറ്റ് നല്‍കി. എച്ച്ഐവി രോഗം ഉണ്ടെന്ന വിവരം മറച്ചുവെച്ചുകൊണ്ടായിരുന്നു രണ്ടാഴ്ചയിലേറെ ഈ മാനസിക പീഡനം തുടര്‍ന്നെന്നും ലേഖാ ഷിജി ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam