ഇന്ത്യയിൽ നിന്നുള്ള തുണിത്തരം, തുകൽ എന്നിവയടക്കം നിരവധി ഉത്പന്നങ്ങളുടെ തീരുവ ന്യൂസിലാൻഡ് എടുത്തുകളഞ്ഞു. ചില പഴങ്ങൾ ഒഴികെ കാർഷിക, ക്ഷീര ഉത്പന്നങ്ങൾക്ക് കരാർ ബാധകമാകില്ല.
ദില്ലി: സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും. ഇന്ത്യയിൽ നിന്നുള്ള തുണിത്തരം, തുകൽ എന്നിവയടക്കം നിരവധി ഉത്പന്നങ്ങളുടെ തീരുവ ന്യൂസിലാൻഡ് എടുത്തുകളഞ്ഞു. ചില പഴങ്ങൾ ഒഴികെ കാർഷിക, ക്ഷീര ഉത്പന്നങ്ങൾക്ക് കരാർ ബാധകമാകില്ല. ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിൽ വീസ നല്‍കുന്നതും സ്വതന്ത്ര വ്യാപാര കരാറിൻ്റെ വ്യവസ്ഥയായി ഉൾപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ടെലിഫോണിൽ ചർച്ച നടത്തിയതിന് ശേഷമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചത്. 95 ശതമാനം ഉത്പന്നങ്ങൾ തീരുവയില്ലാതെ പരസ്പരം ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്നതാണ് കരാർ. ഇന്ത്യയിൽ നിന്നുള്ള ടെക്സ്റ്റൈൽ ഉത്പന്നങ്ങൾക്ക് തീരുവ നിലവിലെ പത്ത് ശതാനത്തിൽ നിന്ന് പൂജ്യമാക്കി ന്യൂസിലാൻഡ് കുറച്ചു. തുകൽ ഉത്പന്നങ്ങൾക്കും പൂജ്യം തിരുവയുടെ ഗുണം കിട്ടും. ഇന്ത്യയിൽ നിന്നുള്ള വാഹനങ്ങൾ അടക്കം ഇറക്കുമതി ചെയ്യാനും ന്യൂസിലാൻഡ് സമ്മതിച്ചിട്ടുണ്ട്. ന്യൂസിലാൻഡിൽ നിന്ന് ആപ്പിൾ, കിവി, തേൻ എന്നിവയ്ക്കുള്ള തീരുവ ഇന്ത്യ പകുതിയാക്കി കുറച്ചു. എത്ര ഇറക്കുമതി ചെയ്യാം എന്നതിന് തല്‍ക്കാലം ക്വാട്ട നിശ്ചയിക്കും. എന്നാൽ മറ്റ് കാർഷിക ഉത്പന്നങ്ങൾക്കും ക്ഷീര ഉത്പന്നങ്ങൾക്കും ഇളവ് നല്‍കില്ല.
ന്യൂസിലാൻഡിൽ വിദ്യാർത്ഥികളായി എത്തുന്നവർക്ക് പഠനത്തിന് ശേഷം നല്‍കുന്ന മൂന്ന് വർഷ, നാല് വർഷ വിസകൾക്ക് പരിധി എടുത്ത് കളയും. 5000 താല്ക്കാലികെ തൊഴിൽ വിസകൾ ഇന്ത്യക്കാർക്ക് ന്യൂസിലാൻഡ് നല്‍കും. സ്ഥിരം വിസയുടെ കാര്യത്തിൽ ഇന്ത്യയ്ക്കാർക്ക് പരിഗണന നല്‍കും എന്നതും കരാറിൻ്റെ ഭാഗമാകും. യുകെ, ഒമാൻ എന്നിവയ്ക്ക് ശേഷം മൂന്നാം സ്വതന്ത്ര വ്യാപാര കരാറിനാണ് ഇന്ത്യ അന്തിമ രൂപം നല്‍കിയിരിക്കുന്നത്. കാനഡയുമായി ഉടൻ ചർച്ച തുടങ്ങും. അമേരിക്കയുമായുള്ള കരാറിൽ ചർച്ച നീളുന്നത് കയറ്റുമതി മേഖലയ്ക്കുണ്ടാക്കിയ തിരിച്ചടി മറ്റു രാജ്യങ്ങളുമായുള്ള ധാരണയിലൂടെ മറികടക്കാം എന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.

