ആലപ്പാട് സമരം: പ്രസ്താവന പിന്‍വലിച്ച് ഇ.പി. ജയരാജന്‍ മാപ്പ് പറയണമെന്ന് ചെന്നിത്തല

By Web TeamFirst Published Jan 14, 2019, 9:44 AM IST
Highlights

മലപ്പുറത്തുകാരല്ല ആലപ്പാട്ടുകാരാണ് സമരം നടത്തുന്നത്. ആ പ്രസ്താവന പിന്‍വലിച്ച്  വ്യവസായമന്ത്രി മാപ്പുപറയണം. സമരം ചെയ്യുന്നവരെ ആക്ഷേപിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. 

ആലപ്പാട്: കരിമണില്‍ ഖനനം കാരണം കടലെടുത്ത ആലപ്പാട് ഗ്രാമത്തില്‍  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. ഖനനപ്രദേശം സന്ദര്‍ശിച്ച ചെന്നിത്തല സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.  പ്രതിപക്ഷ നേതാവിന്‍റെ സന്ദര്‍ശനത്തിനിടെ ഐ.ആര്‍.ഇ ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി ഖനനം നിര്‍ത്തി വച്ചാല്‍ അത് തങ്ങളുടെ തൊഴില്‍ നഷ്ടത്തിന് കാരണമാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ പ്രതിഷേധിക്കാനെത്തിയത്. എന്നാല്‍ തങ്ങളുടെ വീടിനും ജീവനും ഭീഷണിയായി ഖനനം അവസാനിപ്പിക്കണം എന്നായിരുന്നു സമരസമിതിക്കാരുടെ ഉറച്ചവാദം. 

സമര സമിതി നേതാക്കളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന്  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് മുന്‍പേ തന്നെ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത് ശരിയായില്ല. ആലപ്പാട് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ആലപ്പാടേത്. ആലപ്പാടിനെക്കുറിച്ചുള്ള നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വിടണം. അനിയന്ത്രിതമായ ഖനനം വലിയ പ്രശ്നങ്ങളുണ്ടാക്കും. സര്‍ക്കാര്‍ ഇതെല്ലാം പരിശോധിക്കണം. 

ആലപ്പാട് സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍റെ പ്രസ്താവനയേയും ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. മലപ്പുറത്തുകാരല്ല ആലപ്പാട്ടുകാരാണ് സമരം നടത്തുന്നത്. ആ പ്രസ്താവന പിന്‍വലിച്ചു വ്യവസായമന്ത്രി മാപ്പുപറയണം. സമരം ചെയ്യുന്നവരെ ആക്ഷേപിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. 

click me!