വനിതാ മതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമെന്ന് ചെന്നിത്തല

By Web TeamFirst Published Dec 2, 2018, 1:20 PM IST
Highlights

 സമുദായങ്ങളേയും ജാതികളേയും തമ്മിലടിപ്പിക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്ന് ചെന്നിത്തല. സര്‍ക്കാര്‍ നിലപാടിനെതിരെ ഡിസംബര്‍ അഞ്ചിന് യുഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തും.

 

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച വനിതാ മതിൽ പരിപാടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല പ്രശ്നം ആളിക്കത്തിക്കാനാണ് സംസ്ഥാന സർക്കാർ വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമമെന്നും പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതിലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സമുദായങ്ങളേയും ജാതികളേയും തമ്മിലടിപ്പിക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. പട്ടേൽ പ്രതിമയുടെ പേരിൽ ബിജെപി ചെയ്തത് പോലെ വനിതാ മതിൽ ഉണ്ടാക്കി നവോത്ഥാനത്തിന്‍റെ പിതൃത്വം നേടാൻ സിപിഎം ശ്രമിക്കുന്നുവെന്നാണ് ചെന്നിത്തലയുടെ വിമർശനം.

 

"

 

സിപിഎം നേതൃത്വത്തിൽ വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോൾ വനിതാ മതിലിനായി ഇങ്ങനെ പണം ചെലവിടാമോ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ പരിപാടികള്‍ക്ക് സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യരുത്. സാമുദായിക സംഘടനകളുമായി സര്‍‌ക്കാര്‍ നടത്തിയ യോഗത്തിന്‍റെ മിനിട്സ് പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലപാടിനെതിരെ ഡിസംബര്‍ അഞ്ചിന് യുഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

നവോത്ഥാന പാരാമ്പര്യമുള്ള സംഘടനകളേയും നവോദ്ധാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവർഷ ദിനത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 'കേരളത്തെ വീണ്ടും ഭ്രാന്താലമാക്കരുത്' എന്നാണ് വനിതാ മതിൽ പരിപാടിയുടെ മുദ്രാവാക്യം. നവോദ്ധാന മൂല്യങ്ങൾ പിന്തുടരുന്ന സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനമായത്. എസ്.എന്‍.ഡി.പി.ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വനിതാ മതില്‍ സംഘാടനത്തിനുള്ള ജനറല്‍ കൗണ്‍സില്‍ ചെയര്‍മാന്‍. കെപിഎംസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറാണ് കണ്‍വീനര്‍.

click me!