തന്ത്രിമാരെ മന്ത്രിമാര്‍ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് ചെന്നിത്തല

By Web TeamFirst Published Oct 21, 2018, 4:40 PM IST
Highlights

സംസ്ഥാനം ആവശ്യപ്പെട്ടാല്‍ മാത്രം ഓര്‍ഡിനന്‍സ് എന്ന ബി ജെ പി അധ്യക്ഷൻ ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ ഭരണഘടന അറിയാത്തതു കൊണ്ടാണെന്നും ഈ വാദം നിലനിൽക്കുന്നതല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എരിതീയിൽ എണ്ണ ഒഴിക്കാനാണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്ത്രി കുടുംബത്തെയും രാജ കുടുംബത്തെയും പരസ്യമായി അധിക്ഷേപിക്കുന്ന മന്ത്രിമാരുടെ നടപടി അംഗീകരിക്കാനാകില്ല. ശബരിമലയിൽ സംഭവിക്കുന്നതിനൊക്കെ ഉത്തരവാദി സർക്കാരാണ്. പൊലീസ് നടപടിയും കാര്യക്ഷമമല്ല. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ മാത്രം ഓര്‍ഡിനന്‍സ് എന്ന ബി ജെ പി അധ്യക്ഷൻ ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ ഭരണഘടന അറിയാത്തതു കൊണ്ടാണെന്നും ഈ വാദം നിലനിൽക്കുന്നതല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

കേന്ദ്ര സർക്കാരിനാണ് നിയമ നിർമാണത്തിന് സാധ്യത ഉള്ളത്. അതു സൗകര്യപൂർവം ശ്രീധരൻ പിള്ള മറക്കുന്നു. പ്രത്യേക നിയമ സഭ സമ്മേളനം വിളിക്കേണ്ട കാര്യമില്ല. ഓർഡിനൻസ് ഇറക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണ്. രാഷ്ട്രീയം കളിക്കുന്നത് ബി ജെ പിയും സി പി എമ്മുമാണെന്നും ദേവസ്വം ബോർഡ് വിശ്വാസികളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സോളാറില്‍ വീണ്ടും കേസെടുത്തത് മുഖം നഷ്ടപ്പെട്ട സർക്കാരിന്റെ രാഷ്ട്രീയ നീക്കംമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. നിറവും മണവും നഷ്ടപെട്ട പഴയ കേസുകൾ പൊടി തട്ടി എടുത്തു യു ഡി എഫിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുകയാണെന്നും അതു വിലപോകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

 

click me!