ബ്രൂവറി വിവാദം; പിതൃത്വം ആന്‍റണി സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടെന്ന് ചെന്നിത്തല

By Web TeamFirst Published Sep 30, 2018, 4:26 PM IST
Highlights

പിതൃത്വം എല്‍ഡിഎഫിനുള്ളതാണെന്നും സംശുദ്ധ പൊതുപ്രവർത്തനം നടത്തുന്ന ആന്‍റണിയെ അപമാനിക്കാൻ ശ്രമിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. 
 

തിരുവനന്തപുരം: ബ്രൂവറി ലൈസന്‍സുകളുടെ പിതൃത്വം ആന്‍റണി സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ചോദിച്ച പത്ത് ചോദ്യത്തിന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ മറുപടി പറഞ്ഞില്ല. 1998 ൽ നായനാർ സർക്കാർ നൽകിയ അനുമതിയാണ് ലൈസൻസിലേക്ക് എത്തിയത്. പിതൃത്വം എല്‍ഡിഎഫിനുള്ളതാണെന്നും സംശുദ്ധ പൊതുപ്രവർത്തനം നടത്തുന്ന ആന്‍റണിയെ അപമാനിക്കാൻ ശ്രമിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. 

തെളിവുകളുടെ അടിസ്ഥാനത്തില‌ാണ് താനിത് പറയുന്നത്. 2003 ൽ ബ്രൂവറിക്ക് അനുമതി നൽകിയത് എൽഡിഎഫായിരുന്നു. സർക്കാർ അനുമതി നൽകിയാൽ പിന്നെ നടപടി ക്രമം മാത്രമാണ് ബാക്കി. ലൈസൻസിന് വേണ്ടി മന്ത്രിസഭയുടെ മുന്നിൽ വരേണ്ടതില്ല. ലൈസൻസ് കൊടുക്കുക എന്നത് സ്വ‌ാഭാവിക നടപടി മാത്രം. ആന്‍റണിയോട് എൽഡിഎഫ് നേത‌ാക്കളും എക്സൈസ് മന്ത്രിയും മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

കോടികളുടെ അഴിമതിയാണ് ഇഷ്ടക്കാർക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്തത്. ബ്രൂവറി ലൈസന്‍സ് നല്‍കിയതില്‍ സമഗ്രമായ അന്വേഷണം നടത്ത‌ാൻ സർക്കാർ തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ച് ചെന്നിത്തല ആൻ്റണി ബ്രൂവറിക്ക് അനുമതി നൽകിയല്ലെന്ന് ആവര്‍ത്തിച്ചു. നട്ടാൽ മുളയ്ക്കാത്ത നുണയാണ് എൽഡിഎഫും സർക്കാരും പറയുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. 

click me!