സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ക്ക് നിയമപരിരക്ഷയില്ലെന്ന് ചെന്നിത്തല

By Web DeskFirst Published Oct 22, 2017, 12:25 AM IST
Highlights

തിരുവനന്തപുരം: സോളാർ കമ്മീഷനെ നിശിതമായി വിമ‌ർശിച്ച് യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ  രമേശ് ചെന്നിത്തല. കമ്മീഷന്റെ കണ്ടെത്തലുകൾക്ക് നിയമ പരിരക്ഷ കിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന ആർക്കെതിരെയും ഒരു തെളിവും കമ്മീഷന് മുന്നിൽ ആരും നൽകിയിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സർക്കാർ നിയമപരമായ ബാധ്യത നിറവേറ്റുകയാണെന്നും, ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നടപടി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി യുഡിഎഫ്  നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തിൽ കമ്മീഷനെതിരെയാണ് നേതാക്കൾ രൂക്ഷവിമർശനം നടത്തിയത്. കമ്മീഷന് മുന്നിൽ വരുന്ന തെളിവുകൾ പോലും തെളിവായി കാണാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന് നിയമപരിരക്ഷയില്ലെന്ന് പ്രതിപക്ഷനേതാവ് സമർദ്ധിച്ചത്.

മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച ആർക്കെതിരെയും തെളിവോട് കൂടിയുള്ള മൊഴി കമ്മീഷന് മുന്നിലെത്തിയിട്ടില്ലെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിശദീകരണം.

ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ തന്നെ രാഷ്ട്രീയവിശദീകരണയോഗം നടത്തി യുഡിഎഫ് സോളാർ കേസിൽ നിലപാട് വ്യക്തമാക്കി. ഇതിനിടെ സോളാർ റിപ്പോർട്ടിൽ നിയമപരമായി സ്വീകരിക്കേണ്ട ബാധ്യതയാണ് സർക്കാർ ചെയ്യുന്നതെന്നും ഇതിൽ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.

click me!