മിശ്രവിവാഹത്തിന് പന്തലൊരുക്കി ചേവായൂര്‍ പോലീസ് സ്റ്റേഷന്‍

By web deskFirst Published Mar 26, 2018, 10:51 PM IST
Highlights
  • അനുഷ്യയും അനൂപും തമ്മിലുള്ള പ്രണയം മൊട്ടിട്ടതും ചേവായൂര്‍ സ്റ്റേഷന്‍ പരിസരത്തു തന്നെ.

ചേവായൂര്‍ (കോഴിക്കോട് ) :   മിശ്ര വിവാഹത്തിന് കല്യാണപന്തലൊരുക്കി കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷന്‍. സിവില്‍ പോലീസ് ഓഫീസറായ ദളിത് യുവതിയും ഓട്ടോ ഡ്രൈവറായ നായര്‍ യുവാവും തമ്മിലുള്ള വിവാഹമാണ് സ്റ്റേഷനില്‍ വച്ച് നടത്തിയത്.  വധുവിന്റെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് വിവാഹത്തിന് പോലീസ് മുന്‍കൈയെടുത്തത്. 

കാക്കിയണിഞ്ഞ് ജോലിയെടുക്കുന്ന സ്റ്റേഷനില്‍ കല്യാണപ്പുടവയുടുത്ത് അനുഷ്യ. സ്റ്റേഷന്‍ കല്യാണ പന്തലായപ്പോള്‍ അനൂപ് അനുഷ്യയുടേതായി. വീട്ടുകാരുടെ എതിര്‍പ്പ് മൂലം ഇഷ്ടപ്പെട്ടയാളെ ജീവിത പങ്കാളിയാക്കാന്‍ കഴിയില്ലെന്ന് കരുതിയിടത്താണ് സഹപ്രവര്‍ത്തകരുടെ പിന്തുണ അനുഷ്യയ്ക്ക് കരുത്തായത്.  താലി കെട്ടല്‍ സ്റ്റേഷന് സമീപത്തെ ക്ഷേത്രത്തില്‍. വിഭവ സമൃദ്ധമായി കല്യാണ സദ്യയും സ്റ്റേഷനില്‍ ഒരുക്കി.

അനുഷ്യയും അനൂപും തമ്മിലുള്ള പ്രണയം മൊട്ടിട്ടതും ചേവായൂര്‍ സ്റ്റേഷന്‍ പരിസരത്തു തന്നെ. ഇരുവരും ആദ്യം കാണുന്നതും സ്റ്റേഷനില്‍ വച്ച്. ബന്ധുവായ സിവില്‍ പോലീസ് ഓഫിസര്‍ക്കൊപ്പം അനൂപ് സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അത്. അതേ സ്റ്റേഷനില്‍ നിന്ന് ഇരുവരും പതു ജീവിതത്തിലേയ്ക്ക് കടക്കുന്നു. എതിര്‍പ്പ് മറന്ന് വീട്ടുകാര്‍ ഇന്നല്ലെങ്കില്‍ നാളെ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ.

click me!