
ദില്ലി: കേന്ദ്ര സർക്കാരിന്‍റെ തൊഴിൽ നിയമഭേദഗതിക്കെതിരെയും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും പ്രക്ഷോഭത്തിന് ആഹ്വാനവുമായി സിഐടിയു ദേശീയ കൗൺസിലിന് സമാപനം. ബിജെപിക്ക് ബദൽ തൊഴിലാളി, വിദ്യാർത്ഥി മുന്നേറ്റമാണെന്ന് സമാപന റാലി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തൊഴിൽ പ്രശ്നങ്ങളിൽ ചർച്ചക്ക് സർക്കാർ തയ്യാറാകുന്നില്ല. ഐടി അടക്കമുള്ള മേഖലകളിൽ സമരം ശക്തമാകുന്നതോടെ സർക്കാർ ചർച്ചകൾക്ക് നിർബന്ധിതരാകും. കേന്ദ്രത്തിനെതിരെ കർഷകരെയും കർഷക തൊഴിലാളികളെയും വർഗ്ഗ ബഹുജന സംഘടനകളെയും മുൻനിർത്തി ശക്തമായ പ്രക്ഷോഭത്തിനാണ് സിഐടിയു ലക്ഷ്യമിടുന്നത്.
സർക്കാരിന്‍റെ നാലാം വാർഷിക ദിനമായ മെയ് 23 ന് ജില്ലാ സംസ്ഥാന ആസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടി നടത്തും. സെപ്തംബർ അഞ്ചിന് ദില്ലിയിൽ അഞ്ച് ലക്ഷം കർഷകരെയു കർഷക തൊഴിലാളികളെയും അണി നിരത്തി മസ്ദൂർ കിസാൻ റാലിയും ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ജയിൽ നിറക്കൽ സമരവും സംഘടിപ്പിക്കും.
രാജ്യത്തെ കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണ് ബിജെപി സർക്കാരെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. യന്ത്രവത്കരണം ഐടി അടക്കമുള്ള തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ കുറിച്ച് സർക്കാർ ചർച്ചകൾക്ക് തയ്യാറാകണം. സാമൂഹ്യ സുരക്ഷാ പദ്ധതികളെ പോലും കേന്ദ്ര സർക്കാർ ഇല്ലാതാക്കുകയാണെന്ന് സിഐടിയു നേതാക്കൾ കുറ്റപെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam