കണ്ണൂരില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ആദ്യ വിമാനയാത്ര വിവാദത്തില്‍

By Web TeamFirst Published Dec 9, 2018, 11:33 PM IST
Highlights

യാത്രാക്കൂലിയായ 2,28,000 രൂപ തൊഴിൽ വകുപ്പിന് കീഴിലുള്ള സർക്കാർ ഏജൻസിയായ ഒഡേപെക് വഴി അടപ്പിച്ചു എന്നാണ് ആരോപണം

കണ്ണൂര്‍:  വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും സ്വകാര്യവിമാനത്തില്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയത് ധൂര്‍ത്തെന്ന് ആക്ഷേപം. കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥനാണ് ടിക്കറ്റടക്കം സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും അടക്കം 63പേര്‍ യാത്ര ചെയ്തതിന് 2,28,000 രൂപയാണ് ചെലവ്.

വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് കണ്ണൂരില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും തിരുവനന്തപുരത്തേക്ക് മടങ്ങിയത്. ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്നാഥ് ബഹ്റയും സംഘത്തിലുണ്ടായിരുന്നു. ആദ്യ ഏഴു ടിക്കറ്റുകളില്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളുമാണ്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല വിജയനും മക്കളായ വിവേകും വീണയും കൊച്ചുമക്കളും ഉണ്ടായിരുന്നു. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിയും പേഴ്സണല്‍ സ്റ്റാഫില്‍ അംഗങ്ങളായ പാര്‍ട്ടി നേതാക്കളും അടക്കം 63 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ഒഡെപെക് എന്ന ഏജന്‍സിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. ടിക്കറ്റ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ കെ.എസ് ശബരി നാഥന്‍ നടപടി പ്രളയകാലത്തെ ധൂര്‍ത്തെന്ന് വിമര്‍ശിച്ചു. 

രാജാക്കന്‍മാര്‍ നായാട്ടിനു പോകുമ്പോള്‍ സര്‍വ്വ സന്നാഹങ്ങളുമായി യാത്ര ചെയ്യാറുണ്ടെന്ന് കേട്ടിട്ടിട്ടുണ്ട്. ഇപ്പോള്‍ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടാകും പ്രളയകാലത്ത് ഏമാന്‍മാരുടെ ധൂര്‍ത്തെന്നായിരുന്നു ശബരി നാഥന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്. എന്നാല്‍ എല്ലാവരും സ്വന്തം നിലയിലാണ് ടിക്കറ്റിനുളള പണം അടയ്ക്കുന്നതെന്ന് ഒഡെപെക് അധികൃതര്‍ വിശദീകരിച്ചു. 

കണ്ണൂര്‍ വിമാനത്താവള അധികൃതരുടെ നിര്‍ദ്ദേശാനുസരണമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഒരാള്‍ക്ക് 3600 രൂപ തോതില്‍ ഡിസ്കൗണ്ട് നിരക്കിലാണ് സ്വകാര്യ വിമാന കമ്പനിയില്‍ ടിക്കറ്റ് ബുക്ക് ചെയ്തതെന്നും ഒഡെപെക് വ്യക്തമാക്കി. അതേസമയം, തിരുവനന്തപുരം ആസ്ഥാനമായ കമ്പനിയാണ് ഒഡെപെക് എങ്കിലും ടിക്കറ്റില്‍ കമ്പനിയുടെ അഡ്രസായി ബോംബെ എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്.

click me!