സ്പീക്കര്‍ ഇടപെട്ടിട്ടും കാര്യമില്ല; നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി

By Web DeskFirst Published May 18, 2017, 7:52 AM IST
Highlights

സ്പീക്കറുടെ ഇടപെടലിന് ശേഷവും  നിയമസഭയിൽ എം.എല്‍.എമാരുടെ പല ചോദ്യങ്ങൾക്കും മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകുന്നില്ല. ചില ചോദ്യങ്ങൾക്ക് വിവരങ്ങൾ ശേഖരിക്കുന്നവെന്ന് മാത്രമാണ് മറുപടി. സഭാസമ്മേളനം തുടങ്ങിയ ശേഷം ഉന്നയിച്ച 616 ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടാനുണ്ട്.

അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ മറുപടി നൽകാത്തത് ഗൗരവമേറിയ പ്രശ്നമാണെന്ന് സ്പീക്ക‌ർ കഴിഞ്ഞയാഴ്ച നിലപാടെടുത്തിയിരുന്നു. ഈ സമ്മേളനം തീരുംമുമ്പ് ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകണമെന്ന് ഇന്നലെ സ്പീക്കർ റൂളിങ് നൽകി. സ്പീക്കർ കടുത്ത നിലപാടെടുത്തിട്ടും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർക്ക് ഇപ്പോഴും കൃത്യമായ ഉത്തരമില്ല.  ലാവ്‍ലിൻ, പുറ്റിങ്ങൽ ദുരന്തം, ജിഷ കൊലപാതകം തുടങ്ങിയ സുപ്രധാന കേസുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ആഭ്യന്തരവകുപ്പിന് മൗനം. ഈ സർക്കാർ അധികാരമേറ്റ ശേഷം സ്കൂൾ കുട്ടികൾക്കെതിരെയുളള ലൈംഗികാതിക്രമങ്ങൾ, അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി വിവരം ശേഖരിക്കുന്നുവെന്ന് മാത്രം,  മുഖ്യമന്ത്രി മേൽനോട്ടം നൽകുന്ന വകുപ്പുകളിലെ താത്ക്കാലിക നിയമനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഇതേ ഉത്തരം തന്നെ. 

പൊലീസിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരുടെ ഒഴിവുകളെകുറിച്ചും വിവരങ്ങൾ ശേഖരിക്കുകയാണ്. തദ്ദേശ സ്വയംഭരണവകുപ്പിലെ സ്ഥലംമാറ്റങ്ങളിലെ അപാകതയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി കെ.ടി ജലീലും മറുപടി നൽകിയില്ല. സഭാസമ്മേളനം തുടങ്ങിയശേഷം സാമാജികൾ എഴുതിനൽകിയ 4939 ചോദ്യങ്ങളില്‍ 616 എണ്ണത്തിനാണ് ഇനിയും ഉത്തരം കിട്ടാനുള്ളത്. ഈ മാസം 25-ാം തീയ്യതി സഭാസമ്മേളമം അവസാനിക്കും മുമ്പ് എല്ലാറ്റിനും മറുപടി കിട്ടുമോ എന്നാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. അതിനിടെ ഈ സ‍ർക്കാർ അധികാരമേറ്റ ശേഷം മൂന്നാറിൽ 126 അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകിയതായും ഒഴിപ്പിക്കൽ നടപടികൾ തുടരുന്നതായും റവന്യൂമന്ത്രി അറിയിച്ചു. ദേശീയ ഗെയിംസ് നടത്തിപ്പിൽ സർക്കാരിന് ആകെ 24.89 കോടി രൂപ നഷ്ടമുണ്ടായതായി ധനമന്ത്രിയും വ്യക്തമാക്കി. 

click me!