യുപി സ്വദേശി സലീം ആണ് മരിച്ചത്. 4 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8:30-ഓടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.
ബെംഗളൂരു : കർണാടകയിൽ മൈസൂരു കൊട്ടാരത്തിന്റെ ജയമാർത്താണ്ഡ കവാടത്തിന് സമീപം ബലൂണുകളിൽ നിറയ്ക്കാൻ ഉപയോഗിക്കുന്ന ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. യുപി സ്വദേശി സലീം ആണ് മരിച്ചത്. 4 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8:30-ഓടെയാണ് അപകടമുണ്ടായത്.
ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയാണ് സലീംഎന്ന ബലൂൺ കച്ചവടക്കാരൻ. ക്രിസ്മസ് അവധിയും കൊട്ടാരത്തിലെ ഫ്ലവർ ഷോയും പ്രമാണിച്ച് വൻ ജനത്തിരക്കുള്ള സമയത്തായിരുന്നു അപകടം. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ മൈസൂരുവിലെ കെ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം നടന്ന ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പ്രദേശം വളയുകയും ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എൻ ഐഎയും അന്വേഷണം നടത്തും. മൈസൂരു പാലസിന് മുന്നിൽ എൻ ഐ എ പ്രാഥമിക പരിശോധന നടത്തി.

