
ടി പി സെൻകുമാര്‍ നൽകിയ കോടതി അലക്ഷ്യ ഹര്‍ജിയിൽ ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ മാപ്പുപറഞ്ഞു. എ ജിയുടെയും നിയമ സെക്രട്ടറിയുടെയും ഉപദേശപ്രകാരമാണ് വിധിയിൽ വ്യക്തത തേടി അപേക്ഷ നൽകിയതെന്നാണ് കോടതി അലക്ഷ്യ നോട്ടീസിന് നൽകിയ മറുപടിയിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നത്. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി പിൻവലിക്കാൻ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചു.
ടി പി സെൻകുമാറിന്‍റെ കോടതി അലക്ഷ്യ ഹര്‍ജിയിൽ നൽകിയ സത്യവാംങ്മൂലത്തിലാണ് ചീഫ് സെക്രട്ടറി സുപ്രീംകോടതിയോട് നിരുപാധികം മാപ്പപേക്ഷിക്കുന്നത്. കോടതിയെയും കോടതി നിര്‍ദ്ദേശങ്ങളെയും ആദരവോടെ കാണുന്ന വ്യക്തിയാണെ് താനെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു. ഏപ്രിൽ 24ലെ സുപ്രീംകോടതി വിധിയുടെ മുദ്രവെച്ച പകര്‍പ്പ് സംസ്ഥാന സര്‍ക്കാരിന് ഏപ്രിൽ 28നാണ് കിട്ടിയത്. വിധിയിൽ അഡ്വക്കേറ്റ് ജനറലിനോടും നിയമ സെക്രട്ടറിയുടെയും ഉപദേശം തേടി. അവരുടെ ഉപദേശപ്രകാരമാണ് വിധിയിൽ വ്യക്തത തേടി സുപ്രീംകോടതിയിൽ അപേക്ഷ നൽകാൻ തീരുമാനിച്ചത്. മെയ് 3ന് ചേര്‍ന്ന മന്ത്രിതല സമിതി വിധിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിശദമായി പരിശോധിച്ച് വ്യക്തത തേടിയുള്ള അപേക്ഷയിൽ കോടതി നിര്‍ദ്ദേശം അനുസരിച്ച് വിധി നടപ്പാക്കാൻ തീരുമാനിച്ചു. വ്യക്തത തേടിയുള്ള അപേക്ഷയിൽ സുപ്രീംകോടതി തീരുമാനം വന്ന ഉടൻ സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിയമിച്ചുകൊണ്ടുള്ള തീരുമാനം എടുത്തു. ഇക്കാര്യത്തിൽ ബോധപൂര്‍വ്വമായി യാതൊരു പിഴവും വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ കോടതി അലക്ഷ്യ ഹര്‍ജിയിന്മേലുള്ള നടപടികൾ അവസാനിക്കണമെന്നും ഇതിനായി ഉത്തരവിറക്കണമെന്നും അഞ്ച് പേജുള്ള സത്യവാംങ്മൂലത്തിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആവശ്യപ്പെടുന്നു. ഇതോടൊപ്പം സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിൻവലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പുനഃപരിശോധന ഹര്‍ജിയിൽ മറിച്ചൊരു തീരുമാനം ഉണ്ടാകാൻ സാധ്യതയില്ല എന്ന് വ്യക്തമായ സാഹചര്യത്തിൽ കൂടിയാണ് ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam