ദുരിതത്തിലായ കേരളത്തിന് അനുവദിച്ച അരി സൗജന്യമാക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

By Web TeamFirst Published Sep 1, 2018, 11:13 PM IST
Highlights

എന്‍ഡിആര്‍എഫില്‍ നിന്നും മറ്റ് പദ്ധതികളില്‍ നിന്നും ഇത് കുറയ്ക്കുന്നത് സംസ്ഥാനത്തിന് വലിയ പ്രയാസമുണ്ടാക്കും. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രിക്കയച്ച പിണറായി വിജയന്‍ കത്തില്‍ വ്യക്തമാക്കി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതത്തിലായ കേരളത്തിന് അധികമായി അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സംസ്ഥാനം നേരിട്ട ദുരന്തത്തിന്‍റെ തീവ്രത കണക്കിലെടുത്ത് ഇതിന്‍റെ വില എന്‍ഡിആര്‍എഫില്‍ നിന്ന് വെട്ടിക്കുറയ്ക്കരുതെന്നും മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ത്ഥിച്ചു.

തല്‍ക്കാലം വില ഈടാക്കുന്നില്ലെങ്കിലും താങ്ങുവില (മിനിമം സപ്പോര്‍ട്ട് പ്രൈസ്) കണക്കാക്കി ഇതിന്‍റെ വില ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നോ ഭക്ഷ്യഭദ്രതാനിയമപ്രകാരം കേരളത്തിന് അനുവദിക്കുന്ന മറ്റ് പദ്ധതികളില്‍ നിന്നോ കുറയ്ക്കുമെന്നാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചിട്ടുളളത്.

എന്‍ഡിആര്‍എഫില്‍ നിന്നും മറ്റ് പദ്ധതികളില്‍ നിന്നും ഇത് കുറയ്ക്കുന്നത് സംസ്ഥാനത്തിന് വലിയ പ്രയാസമുണ്ടാക്കും. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രിക്കയച്ച പിണറായി വിജയന്‍ കത്തില്‍ വ്യക്തമാക്കി.

പ്രളയത്തില്‍ വലയുന്ന കേരളത്തിന് ഒരു മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കണം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം  89,540 മെട്രിക് ടൺ അരി സംസ്ഥാനത്തിന് അനുവദിച്ചു.

അനുവദിച്ച അത്രയും അരി തന്നില്ലെങ്കിലും തന്ന അരിയ്ക്ക് കിലോ 25 രൂപ വീതം കേന്ദ്രഭക്ഷ്യവകുപ്പ് കേരളത്തോട്  വില ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ ഈ സംഭവം പുറത്തറിയുകയും ജനരോക്ഷം രൂപപ്പെടുകയും ചെയ്തതോടെ കേരളത്തിന് അരി സൗജന്യമാക്കി കൊണ്ടുള്ള ഉത്തരവിറക്കുമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാമന്ത്രി രാം വില്വാസ് പാസ്വാന്‍ അറിയിച്ചു.

എന്നാല്‍ ഇത്രയും ദിവസമായിട്ടും ഈ ഉത്തരവ് ഇറങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള എംപിമാരോട് അരിയുടെ വില ഈടാക്കുമെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. 

click me!