
ഇടുക്കി: കൂട്ടം തെറ്റിയെത്തിയ കുട്ടിക്കൊമ്പന്‍ നാട്ടുകാര്‍ക്ക് രസം പകര്‍ന്നു. ചിന്നക്കനാലിലെ വിലക്കിലെത്തിയ കുട്ടിക്കൊമ്പന്‍ ആളുകള്‍ക്കിടയിലൂടെ കുസൃതി കാട്ടി നടന്നത് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. വിലക്ക് ഭാഗത്തുള്ള വീടുകളിലും കടകളിലും കയറാന്‍ ശ്രമിച്ച് ഓടി നടന്നപ്പോള്‍ ചിലര്‍ പിന്നാലെ കൂടി. കുട്ടികള്‍ക്ക് കുട്ടിക്കൊമ്പന്‍ രസം പകര്‍ന്നപ്പോള്‍ മുതിര്‍ന്നവരും ഒട്ടും മോശമാക്കിയില്ല. കുട്ടിക്കൊമ്പന്റെ വികൃതികള്‍ അവരും മതിവരുവോളം ആസ്വദിച്ചു.
ആളുകള്‍ പിന്നാലെ ഓടിക്കൂടിയപ്പോള്‍ കുട്ടിക്കൊമ്പനും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. തന്നെക്കാണാന്‍ ചിലര്‍ പിന്നാലെ കൂടിയിട്ടുണ്ടെന്ന് മനസ്സിലാക്കിയതോടെ കുട്ടിക്കുറമ്പനും അല്പം ഗമയാവാമെന്ന് കരുതി. പിന്നാലെ കൂടിയവര്‍ ചേര്‍ന്ന് നിന്ന് സെല്‍ഫി എടുത്തതും ആസ്വദിക്കുന്നുവെന്ന് വരുത്തിത്തീര്‍ത്ത് നടന്ന കുട്ടിക്കൊമ്പന്‍ അല്പസമയത്തിനുള്ളില്‍ തന്നെ നാട്ടുകാരുടെ പ്രിയ ചങ്ങാതിയായി മാറി.
വഴിയോരത്തുണ്ടായിരുന്ന കടയിലെത്തിയതോടെ അപ്രതീക്ഷിതമായിയെത്തിയ അതിഥിയെ കണ്ട കച്ചവടക്കാരന്‍ ആദ്യം തെല്ലൊന്ന് അമ്പരന്നെങ്കിലും ആക്രമണത്തിനല്ല വരവ് എന്ന് മനസ്സിലാക്കിയതോടെ അയാളും കുട്ടിക്കുറുമ്പനോട് ചങ്ങാത്തം കൂടി. ഉച്ചയോടെ ജനവാസ മേഖലയിലെത്തിയ കുറുമ്പന്‍ ഒന്നര മണിക്കൂറോളമാണ് നാട്ടുകാരെ ആനന്ദിപ്പിച്ചും രസിപ്പിച്ചും ചിലവഴിച്ചത്.
കുട്ടിക്കുറുമ്പന്റെ വികൃതികളേറിയപ്പോള്‍ കാഴ്ചക്കാരുടെ എണ്ണവും ഏറി. നാട്ടുകാരില്‍ ചിലര്‍ക്ക് പന്തികേട് തോന്നുകയും ചെയ്തു. അവര്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക കൂട്ടില്‍ കുട്ടിയാനയെ അടച്ച് കാട്ടിലേക്ക് കയറ്റി വിട്ടു. കാട്ടാനകളുടെ ആക്രമണം മൂലം ദുരിതമനുഭവിക്കുന്ന നാട്ടുകാര്‍ക്ക് ഏതായാലും കുട്ടിയാനയുടെ വരവ് സന്തോഷം പകര്‍ന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam