കുട്ടിക്കുറുമ്പന്‍ ഇനി കോട്ടൂര്‍ ആനത്താവളത്തില്‍ സുരക്ഷിതന്‍

By web deskFirst Published May 21, 2018, 2:36 PM IST
Highlights
  • അമ്മയുടെ വേര്‍പ്പാട് നാട്ടുകാരെ അറിയിക്കാനെത്തിയ കുട്ടിക്കുറുമ്പന്‍ ഇനി കോട്ടൂര്‍ ആനത്താവളത്തില്‍ സുരക്ഷിതന്‍.

ഇടുക്കി: വേദനയുടെ വേര്‍പാടിന്റെ തേങ്ങലില്‍ കുട്ടിക്കുറുമ്പന്‍ കോട്ടൂരിലെത്തി. അമ്മയുടെ വേര്‍പ്പാട് നാട്ടുകാരെ അറിയിക്കാനെത്തിയ കുട്ടിക്കുറുമ്പന്‍ ഇനി കോട്ടൂര്‍ ആനത്താവളത്തില്‍ സുരക്ഷിതന്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചിന്നക്കനാല്‍ വിലക്കിന് സമീപത്ത് കുസൃതിക്കാട്ടി കുട്ടിക്കുറുമ്പന്‍ എത്തിയത്. കടകളിലും വീടുകളിലും സമീപത്തെ സര്‍ക്കാര്‍ ഓഫീസുകളിലും ഓടിക്കയറി കുറുമ്പന്റെ വികൃതികള്‍ നാട്ടുകാര്‍ ആസ്വദിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ തൊട്ടടുത്ത ദിവസം അമ്മയെ ചരിഞ്ഞ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് അമ്മയെ രക്ഷിക്കാന്‍ കാട്ടിയ വികൃതികളായിരുന്നു കുറുമ്പന്റെതെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്. തനിക്ക് അറിയാവുന്ന ഭാഷയില്‍ വികൃതികള്‍ കാട്ടിയും തലങ്ങും വിലങ്ങും ഓടിയും അമ്മയുടെ പ്രാണവേദന അറിയിക്കാന്‍ ശ്രമിച്ചെങ്കിലും വികൃതികള്‍ ആസ്വാദിച്ച നാട്ടുകാര്‍ക്ക് അവന്റെ പ്രാണവേദന മനസിലാക്കാന്‍ കഴിഞ്ഞില്ല. 

വ്യാഴാഴ്ച രാവിലെയാണ് 25 വയസ് തോന്നിക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയില്‍ വനപാലകര്‍ കണ്ടെത്തുന്നത്. മുന്ന് ദിവസം പഴക്കമുള്ള ആനയെ പോസ്റ്റ്‌മോട്ടത്തിന് ശേഷം അവിടെത്തന്നെ ദഹിപ്പിച്ചു. ആന്തരവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോട്ടം റിപ്പോര്‍ട്ട്.


 

click me!