
പാനൂർ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വാട്സാപ്പ് പ്രചാരണത്തിൽ ജീവിതം വഴിമുട്ടി ആക്രിക്കച്ചവടക്കാരടക്കമുള്ള കുടുംബങ്ങൾ. പാനൂർ പാട്യത്തെ മുന്നൂറോളം കുടുംബങ്ങൾ രണ്ടാഴ്ച്ചയോളമായി പുറത്തിറങ്ങാനാവാതെ കഴിയുകയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന പേരിൽ വാട്സാപ്പ് പ്രചാരണങ്ങൾ കാരണം ഇവർ നിരന്തരം ആക്രമിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.
തൈവനയെന്ന ഈ എഴുപതുകാരി സ്വന്തം നാടായ തിരുനെൽവേലി വിട്ട് അൻപത് വർഷത്തിലധികമായി പാട്യം കൊട്ടോടിയിലെത്തിയിട്ട്. ആക്രി പെറുക്കി വിറ്റും പ്ലാസ്റ്റിക് സാധനങ്ങൾ വിറ്റുമായിരുന്നു ജീവിതം. ഇവരടക്കം പതിറ്റാണ്ടുകളായ പാട്യത്ത് സമാധാനമായി ജീവിച്ച മുന്നൂറോളം തമിഴ് കുടുംബങ്ങൾക്ക് ഇന്ന് പണിക്ക് പുറത്തിറങ്ങാനാകുന്നില്ല.
ജില്ല മൊത്തം സഞ്ചരിച്ച് ആക്രി സാധനങ്ങൾ ശേഖരിച്ച് ജീവിക്കുന്ന ഇവർ ഇന്ന് വ്ട്സാപ്പ് പ്രചാരണങ്ങൾ കാരണം എങ്ങും തടഞ്ഞുവെക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥിതി. വാഹനങ്ങളും തടയുന്നു. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ കാരണം പട്ടിണിയിലേക്ക് നീങ്ങുകയാണ് ഈ കുടുംബങ്ങൾ.
അടിയന്തിരമായി തിരിച്ചറിയൽ കാർഡടക്കമുള്ള സംവിധാനങ്ങൾ നൽകണമെന്ന് ഇവരാവശ്യപ്പെടുന്നു. തെറ്റിദ്ധാരണയുടെ പുറത്ത് തൊഴിൽ തടസ്സപ്പെടുത്തരുതെന്നും, വേദനിപ്പിക്കരുതെന്നും മാത്രമാണ് പൊതുസമൂഹത്തോട് ഇവരാവശ്യപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam