
ദില്ലി: ദില്ലിയില്‍ വീടിന് പിറകുവശത്ത് 12 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങി. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ പ്രതികളായ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഘാഗ്ഗ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂണ്‍ 15നാണ് 12 വയസ്സുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന പ്രാഥമിക നിഗമനത്തില്‍നിന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ശത്രുത തീര്‍ക്കാന്‍ ഒരു ബന്ധു തന്‍റെ കുഞ്ഞിനെ കൊന്നതാണെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം.
അതേസമയം കുട്ടിയുടെ സഹോദരിയായ എട്ടാംക്ലാസുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്നത് കണ്ടതിനെ തുടര്‍ന്ന് ഇവര്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുല്‍ദീപ് സിംഗ്, ജുഗ്രാജ് സിംഗ്, ഗുര്‍ജന്ത് സിംഗ് എന്നിവരാണ് 14 കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. രക്ഷിതാക്കള്‍ ബന്ധുവിന്‍റെ ശവസംസ്കാര ചടങ്ങുകള്‍ക്കായി പോയ സമയത്താണ് ഇവര്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. സംഭവ സമയത്ത് കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ സഹോദരന്‍ പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അകത്തേക്ക് വന്ന കുട്ടി സഹോദരിയെ ബലാത്കാരമായി പിടിച്ചുവച്ചിരിക്കുന്നത് കണ്ടു. കുട്ടി ബഹളം വയ്ക്കാന്‍ തുടങ്ങിയതോടെ തുണി ഉപയോഗിച്ച് ഇവര്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവം ആത്മഹത്യയെന്ന് തോന്നിപ്പിക്കുന്ന തരത്തിലേക്ക് കുട്ടിയെ വീടിന് പുറകില്‍ കെട്ടിത്തൂക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ രക്ഷിതാക്കളെ കൂടി കൊല്ലുമെന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ പ്രതികളായ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്ത പൊലീസ് ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam