
സംസ്ഥാനത്ത് ശിശു വില്‍പന റാക്കറ്റിന്‍റെ ഇരകളായി കുട്ടികളില്ലാത്ത ദമ്പതികള്‍. മൈസൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റാക്കറ്റിന്‍റെ ചതിക്കുഴി തിരിച്ചറിഞ്ഞത് കുഞ്ഞിനെ ദത്തെടുത്ത് ആറുവര്‍ഷങ്ങള്‍ക്ക് ശേഷം. തൃശ്ശൂർ സ്വദേശികൾക്ക് നഷ്ടപ്പെട്ടത് താലോലിച്ച് വളർത്തിയ വളർത്തുമകളെയാണ്.
ആശയെന്ന ഈ അമ്മയുടെ കണ്ണീര്‍ തോരുന്നില്ല. മൂന്നുമാസം മുമ്പ് മൈസൂരിലെ ജ്യുവനൈല്‍ ഹോമിലേക്ക് കൊണ്ടുപോയ മകളെയോര്‍ത്താണ് ഈ അമ്മ വിങ്ങിപ്പൊട്ടുന്നത്. ചികിത്സകളേറെ നടത്തിയിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തതിനാലാണ് കുട്ടിയെ ദത്തെടുക്കാന്‍ ആശയും ഭര്‍ത്താവ് സന്തോഷും തീരുമാനിച്ചത്. ഉഷാറാണി എന്ന സ്ത്രീ കുഞ്ഞിനെ നല്‍കാമെന്നേറ്റു. മൈസൂറില്‍ ഡോക്ടറെന്നായിരുന്നു പരിചയപ്പെടുത്തിയത്. മൈസൂറിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും 26 ദിവസം പ്രായമുള്ള കുഞ്ഞിനെ ലഭിച്ചു. ദത്ത് നടപടികൾ പൂർത്തിയായെന്ന് പറഞ്ഞ് സർട്ടിഫിക്കറ്റും നൽകി.
കാത്തിരുന്ന് കിട്ടിയ കൺമണിക്ക് ശുഭലക്ഷ്മിയെന്ന് പേരിട്ടു. ആറുവർഷം താലോലിച്ച് വളർത്തി. ഒടുവിൽ മൂന്ന് മാസം മുമ്പാണ് ശിശുവിൽപ്പന റാക്കറ്റിൽ നിന്നാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയതെന്ന് ഇവർ അറിയുന്നത് ഇവർക്ക് കുഞ്ഞിനെ കൈമാറിയ സംഘത്തിൽ ഉള്ളവർ എല്ലാം പിടിക്കപ്പെട്ടു. ഇവർ പലർക്കായി കൈമാറിയ കുഞ്ഞുങ്ങളെ പൊലീസ് വീണ്ടെടുത്തപ്പോൾ ശുഭലക്ഷ്മിയെയും തിരിച്ചേൽപ്പിക്കേണ്ടി വന്നു. മൈസൂരിലെ ജുവനൈൽ ഹോമിൽ അനാഥയായി കഴിയുകയാണ് ശുഭലക്ഷ്മിയിപ്പോൾ. ആറുവര്‍ഷം പോറ്റിവളര്‍ത്തിയ കുഞ്ഞിനെ തിരിച്ച് കിട്ടാൻ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ ദമ്പതികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam