പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിനില്‍ കൂറ്റന്‍ ദ്വാരം; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം

By Web DeskFirst Published Jun 12, 2017, 2:46 PM IST
Highlights

സിഡ്‌നി: പറന്നുയര്‍ന്ന ശേഷം വിമാനത്തിന്റെ എന്‍ജിനില്‍ കൂറ്റന്‍ ദ്വാരം കണ്ടെത്തി. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. സിഡ്‌നിയില്‍ നിന്നും ചൈനയിലെ ഷാന്‍ഹായിലേക്ക് പോകേണ്ടിയിരുന്ന ചൈന ഈസ്റ്റേണ്‍ പ്ലെയിന്‍ എയര്‍ബസ് എ330 ട്വിന്‍ ജെറ്റ് വിമാനമാണ് അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനം പറന്നുയര്‍ന്ന് അല്‍പസമയത്തിനുശേഷം ഇടത് എന്‍ജിനുള്ള ഭാഗത്ത് എന്തോ പ്രശ്‌നമുള്ളതായി വിമാന ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് അടിയന്തരമായി വിമാനം സിഡ്‌നി വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി. താഴെ ഇറങ്ങിയപ്പോഴാണ് ഭീകരമായ അവസ്ഥ മനസിലായത്. വിമാനത്തിന്റെ ഇടതു എന്‍ജിന്റെ വലിയൊരു ഭാഗം തകര്‍ന്നിരിക്കുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റ് ബ്യൂറോയും ചൈനയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനം പറന്നുയര്‍ന്ന് അല്‍പസമയത്തിനകം എന്തോ കത്തുന്ന മണവും തകരുന്ന ശബ്ദവും കേട്ടിരുന്നുവെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. എല്ലാരും ഭയന്നു. തുടര്‍ന്ന് വിമാന ജീവനക്കാര്‍ എല്ലാവരെയും സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെന്നും യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

click me!