
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഈ മാസം 15 മുതലാണ് സമരം. പതിനെട്ടാം തീയ്യതി മുതല്‍ ആശുപത്രികള്‍ ബഹിഷ്ക്കരിക്കാനാണ് സ്വകാര്യ നഴ്‌സുമാരുടെ സംഘടനയുടെ തീരുമാനം.
2013 ല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് 2016 മുതല്‍ ശമ്പള വര്‍ദ്ധനവ് ഉറപ്പ് നല്‍കിയിരുന്നു. ജനറല്‍ നഴ്‌സിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് 8750 രൂപയും, ബി.എസ്.സി നഴ്‌സിങുകാര്‍ക്ക് 9250 രൂപയും മിനിമം ശമ്പളം നല്‍കാനായിരുന്നു ധാരണ. നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റകളും സംസ്ഥാന തൊഴില്‍ വകുപ്പും നടത്തിയ സംയുക്ത ചര്‍ച്ചയില്‍ 2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ദ്ധനവാണ് ഉറപ്പ് നല്‍കിയത്. എന്നാല്‍ ഉറപ്പ് പാലിക്കപ്പെട്ടില്ല. മാത്രവുമല്ല സംസ്ഥാനത്തെ 1500 ഓളം ആശുപത്രികളില്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തോളം നഴ്‌സുമാരില്‍ 20 ശതമാനത്തിന് മാത്രമാണ് മിനിമം ശമ്പളം ലഭിക്കുന്നതെന്ന് സംഘടന പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ വീണ്ടും സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
അതേസമയം ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ടോയെന്നറിയാന്‍ ലേബര്‍ വകുപ്പ് ഏര്‍പ്പെടുത്തിയ വേജ് പ്രൊട്ടക്ടിങ് സിസ്റ്റത്തിന്റെ ലിസ്റ്റില്‍ സംസ്ഥാനത്തെ വന്‍കിട ആശുപത്രികള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. സംസ്ഥാനത്ത് മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാര്‍ വീണ്ടും സമര രംഗത്തേക്കിറങ്ങുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam