
ബീജിയിങ്ങ്: ലോകം മുഴുവൻ ആരാധകരുള്ള ചൈനീസ് താരമാണ് ഫാൻ ബിംഗ്ബിംഗ്. ഹോളിവുഡ് ചിത്രം എക്സ് മാനിലൂടെ ആളുകൾക്ക് സുപരിചിതയായ ഫാൻ ബിംഗ്ബിംഗ് ചൈനയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ്. എന്നാൽ നികുതി വെട്ടിപ്പ് നടത്തിയതിനെ തുടർന്ന് ഫാനിന് പിഴ ചുമത്തിയിരിക്കുകയാണ് ചൈനീസ് സർക്കാർ.
ഹോളിവുഡ് അടക്കം നിരവധി ഭാഷകളിൽ അഭിനയിച്ച താരം ഒരു പ്രോജക്ടിനായി രണ്ട് കരാർ ഉണ്ടാക്കി. ഒന്നിൽ യഥാർത്ഥ പ്രതിഫല തുകയും മറ്റൊന്നിൽ നികുതി കുറയ്ക്കുന്നതിനായി തുക കുറച്ചും കാണിച്ചു. ഇതിൽ തുക കുറച്ചുള്ളതിന്റെ കരാറാണ് സർക്കാരിൽ സമർപ്പിച്ചത്. ഈ തട്ടിപ്പ് പുറത്തായതോടെയാണ് ഫാനിന് പിഴ ചുമത്തിയത്. എന്നാൽ തട്ടിപ്പ് കാണിച്ച താരത്തിനെതിരെ 924 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫാനിനെ കാണാനില്ലെന്ന വാർത്തകൾ ചില ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നികുതിയുമായി ബന്ധപ്പെട്ട് ഫാനും സർക്കാരുമായി ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതാവുന്നത്. മാസങ്ങളായി ഫാൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ, സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല. താരത്തിന്റെ തിരോധാനം അന്താരാഷ്ട്ര തലത്തിൽ വരെ വലിയ വാർത്തയായിരുന്നു. ഫാൻ ചൈനീസ് സർക്കാരിന്റെ തടവിലാണെന്ന തരത്തിൽ വരെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സംഭവം രൂക്ഷമായതിനെ തുടർന്ന് സർക്കാരിനെതിരെ വാർത്ത നൽകിയ ചൈനീസ് പത്രം വാർത്ത പിൻവലിച്ചു.
അതേസമയം, നികുതി വെട്ടിപ്പിന് പിഴ വിധിച്ചതോടെ മാപ്പപേക്ഷമായി എത്തിയിരിക്കുകയാണ് ഫാൻ. തന്നെ വളർത്തിയ രാജ്യത്തെ ഞാൻ വഞ്ചിച്ചു, എന്നെ വിശ്വസിച്ച സമൂഹത്തെ ഞാൻ വഞ്ചിച്ചു, എന്റെ ആരാധകരേയും ഞാൻ വഞ്ചിച്ചു, പിഴ ഈടാക്കിയ തീരുമാനം സ്വീകരിക്കുന്നു ഇതായിരുന്നു ഫാനിന്റെ മാപ്പപേക്ഷ. പാർട്ടിയുടെ നല്ല നയങ്ങളും ജനങ്ങളുടെ സ്നേഹവും ഇല്ലെങ്കിൽ ഫാൻ ബിംഗ്ബിംഗ് ഉണ്ടാകുമായിരുന്നില്ലെന്നും മാപ്പപേക്ഷയിൽ പറയുന്നു. തുടർന്ന് ചൈനീസ് സർക്കാർ തടവിലാക്കുകയായിരുന്നുവെന്ന വാർത്ത ഫാൻ നിഷേധിച്ചു.
ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ 62 ലക്ഷത്തോളം ഫോളേവേഴ്സാണ് ഫാനിനുണ്ട്. ചൈനയിലെ ഫോര്‍ബ്‌സ് സെലിബ്രിറ്റി ലിസ്റ്റില്‍ ഫാന്‍ ബിംഗ്ബിഗ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam