ഇന്ത്യയ്ക്കെതിരെ ചൈനീസ് പത്രം

By Web DeskFirst Published Jul 25, 2016, 11:31 AM IST
Highlights

ബീജിങ്​: ഇന്ത്യയ്ക്കെതിര രൂക്ഷ വിമര്‍ശനങ്ങളുമായി ചൈനീസ് പത്രം. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘സിൻഹുവ’ പത്രപ്രവർത്തകരെ പുറത്താക്കുകയാണെങ്കിൽ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങൾ ​നേരിടേണ്ടിവരുമെന്ന്​ ചൈനീസ്​ പത്രം ഗ്ലോബൽ ടൈംസിലാണ്​ മുഖപ്രസംഗം. ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടിയുടെ ഉടമസ്ഥതയിലുള്ള പീപ്പിൾസ്​ ഡെയ്‍ലിയുടെ പ്രസിദ്ധീകരണമാണ് ഗ്ലോബൽ ടൈംസ്.

മൂന്ന് ചൈനീസ് മാധ്യമപ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം ഇന്ത്യ പുറത്താക്കിയിരുന്നു. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ടര്‍മാരെയാണ് വിസ നീട്ടി നല്‍കാതെ തിരിച്ചയച്ചത്. ഇതിനെതരെയാണ് മുഖപ്രസംഗം. ഇന്ത്യയുടെ ആണവ വിതരണ ഗ്രൂപ്പ്​(എൻ.എസ്.​ജി) അംഗത്വത്തെ ചൈന എതിർത്തതിലുള്ള പ്രതികാരമാണ്​നടപടിയെന്നാണ് പത്രം പറയുന്നത്. അങ്ങനെയാണെങ്കിൽ തക്കതായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും മുഖപ്രസംഗം മുന്നറിയിപ്പു നൽകുന്നു.

വിസ വിഷയത്തിന്​ മറുപടിയായി വ്യക്തമായ നടപടിയുണ്ടാകുമെന്നും ചൈനീസ് വീസ ലഭിക്കാൻ അത്ര എളുപ്പമല്ലെന്നു ചില ഇന്ത്യക്കാരെയെങ്കിലും ബോധ്യപ്പെടുത്തുമെന്നും മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു. വിസ പുതുക്കി നൽകാത്തതിന്‍റെ  കാരണം ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വ്യാജ പേരുപയോഗിച്ച് മാധ്യമപ്രവർത്തകർ ർ വിവരങ്ങൾ അറിയാൻ ശ്രമിച്ചുവെന്നും തിബറ്റൻ നേതാക്കളുമായി ഇവർ ചർച്ച നടത്തിയെന്നുമാണ് ഇന്ത്യൻ മാധ്യമങ്ങളുടെ ആരോപണം.

ഇന്ത്യയുടേതു സംശയകരമായ മനോഭാവമാണെന്നാണ് പത്രത്തിന്‍റെ ഭാഷ്യം. ഇന്ത്യയുടെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള മാധ്യമബന്ധത്തിൽ തെറ്റായ സന്ദേശം നൽകും എൻ.എസ്​.ജി അംഗത്വത്തെ എതിർത്തതിലൂടെ ചൈന ഇന്ത്യയോട്​ അനാദരവ്​ കാണിച്ചിട്ടില്ല. പകരം അംഗത്വം ലഭിക്കാൻ ആണവ നിർവ്യാപന കരാർ ഒപ്പിടണമെന്ന നിബന്ധന പാലിക്കുകമാത്രമാണ്​ ചൈന ചെയ്​തതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

സിൻഹുവ ന്യൂസ്​ ഏജൻസിയുടെ ഡൽഹി ബ്യൂറോ ചീഫ്​ വു ക്വിയാങ്​, മുംബൈയിൽ ജോലി ചെയ്യുന്ന ലൂ താങ്​, ഷി യോങ്ങാങ്​ എന്നിവരോട്​ ജൂലൈ 31നകം​ രാജ്യം വിടാനാണ്​ ഇന്ത്യ നിർദേശിച്ചിരിക്കുന്നത്​​. മാധ്യമപ്രവർത്തനത്തിനപ്പുറം മറ്റു ചില കാര്യങ്ങളും ഇവർ ചെയ്യുന്നുവെന്ന ആശങ്കയുടെ അടിസ്​ഥാനത്തിലാണ് ഇവരെ തിരിച്ചയക്കാൻ ഇന്ത്യ ശ്രമിക്കുന്നത്​. മൂവരുടെയും വിസ റദ്ദാക്കിയിട്ടുണ്ട്​.  എന്നാൽ ഇതിന്​ കൃത്യമായ വിശദീകരണം അധികൃതർ നൽകിയിട്ടില്ല.

ചൈനീസ് ഭരണകൂടത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സിന്‍ഹുവയുടെ പ്രവര്‍ത്തനം. പ്രധാനമന്ത്രി ലീ കെഖ്യാംഗിന്റെ നേതൃത്വം നല്‍കുന്ന സ്റ്റേറ്റ് കൗണ്‍സിലിനാണ് നിയന്ത്രണം.

ലു താംഗും വു ക്വിയാംഗും ഡല്‍ഹി ബ്യൂറോയിലും ഷി യോംഗ് ഗാംഗ് മുംബെയിലുമാണ് പ്രവര്‍ത്തിക്കുന്നത്. വിസാ കാലാവധി നീട്ടി നല്‍കാത്തത്തിന് പ്രത്യേകിച്ച് കാരണമൊന്നും അധികൃതര്‍ അറിയിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. വു ക്വിയാംഗ് ഏഴ് വര്‍ഷമായി ഇന്ത്യയിലുണ്ട്. മറ്റ് രണ്ട് പേര്‍ ഒരു വര്‍ഷം മുമ്പാണ് എത്തിയത്. ഈ വര്‍ഷം ആദ്യം തന്നെ വിസാകാലാവധി കഴിഞ്ഞിരുന്നെങ്കിലും കാത്തിരിക്കാനായിരുന്നു ഇവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ വിസയില്ലാതെ പാസ്‌പോര്‍ട്ട് മാത്രമാണ് ഇവര്‍ക്ക് തിരിച്ചുകിട്ടിയത്. 31നകം ഇന്ത്യ വിട്ടുപോകാന്‍ ഇവര്‍ക്ക് കഴിഞ്ഞ 14 ന് നിര്‍ദ്ദേശം നല്‍കി.

ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവയ്ക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനം ചൈന എതിര്‍ത്തത്. ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുക്കുന്നതിലും ചൈന അസ്വസ്ഥരാണ്.

പുറത്താക്കലില്‍ ചൈന ഔദ്യോഗകിമായി ഇതുവരെ  പ്രതികരിച്ചിട്ടില്ല. നിലവില്‍ ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ അഞ്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുണ്ട്. കൂടാതെ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍, ചൈന ഡെയ്‌ലി, ചൈന റേഡിയോ ഇന്റര്‍നാഷണല്‍ എന്നിവിടങ്ങളിലും ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചൈനീസ് ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം രണ്ട് ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ ഫെലോഷിപ്പിന്റെ ഭാഗമായും ചൈനയിലുണ്ട്. ഇവരെ പുറത്താക്കി ചൈന പ്രതികരിച്ചേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

click me!