തിരുവനന്തപുരം കോർപ്പറേഷൻ്റെ പിഎംബിവൈ ഭവന പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നിഷേധിച്ചതോടെ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലായി. ലൈഫ് പദ്ധതി ഗുണഭോക്താക്കളായ 1573 കുടുംബങ്ങൾക്ക് വീടൊരുക്കാനുള്ള പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തിയിരുന്നു. അനുമതി നിഷേധിച്ച സാഹചര്യത്തിൽ കോർപ്പറേഷൻ നിയമനടപടിക്കൊരുങ്ങുകയാണ്.

തിരുവനന്തപുരം: പാവങ്ങൾക്ക് കോർപ്പറേഷൻ ബജറ്റിൽ നിന്നും പണം വകയിരുത്തി വീടൊരുക്കാനുള്ള തിരുവനന്തപുരം കോർപറേഷന്‍റെ അഭിമാന പദ്ധതി - പ്രധാൻമന്ത്രി ഭവന യോജന (പിഎംബിവൈ)- ചുവപ്പുനാടയിൽ കുരുങ്ങി. പദ്ധതിയുടെ നടത്തിപ്പിന് ജില്ലാ ആസൂത്രണ സമിതി (ഡിപിസി) അംഗീകാരം നിഷേധിച്ചു. ലൈഫ് പദ്ധതി വഴി ഭൂമി ലഭിച്ചവർക്ക് തനത് ഫണ്ട് ഉപയോഗിച്ചും സ്പോൺസർഷിപ് വഴിയും വീട് നിർമിച്ചു നൽകാനായാണ് പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ സംസ്ഥാനത്തെ ഭവന പദ്ധതികളെല്ലാം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാലാണ് തിരുവനന്തപുരം കോർപറേഷൻ്റെ പദ്ധതിക്ക് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് വിവരം.

നിയമനടപടിയിലേക്ക് നീങ്ങാൻ കോർപറേഷൻ തീരുമാനം

ലൈഫ് പദ്ധതി വഴി 2023 ൽ ഭൂമി ലഭിച്ചെങ്കിലും വീട് നിർമിക്കാൻ കഴിയാത്ത 1573 ഗുണഭോക്താക്കൾ ഉണ്ടെന്നാണ് കണക്ക്. പദ്ധതിക്കായി 20 കോടി രൂപ ബജറ്റിൽ കോർപറേഷൻ വകയിരുത്തിയിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ആദ്യഘട്ടമായി ഒരു ലക്ഷം രൂപ വീതം സഹായം അനുവദിക്കാൻ നടപടികൾ നീക്കുന്നതിനിടെയാണ് എതിർപ്പ്. ഇതോടെ പദ്ധതി നിലവിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ്. സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റിക്ക് കോർപറേഷന് അപ്പീൽ നൽകാമെങ്കിലും അനുമതി ലഭിക്കാൻ വൈകും. ഈ സാഹചര്യത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് കോർപ്പറേഷൻ. തദ്ദേശ സ്‌ഥാപനങ്ങളിൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തി മൂന്ന് മാസമായെങ്കിലും ജില്ലാ ആസൂത്രണ സമിതി പുനഃസംഘടിപ്പി ച്ചിട്ടില്ല. നിലവിലെ അഡ്ഹോക് കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നിഷേധിച്ചിരിക്കുന്നത്. പദ്ധതിക്ക് സർക്കാരിനോട് അനുമതി തേടുമെന്നും ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനുമാണ് കോർപ്പറേഷൻ്റെ തീരുമാനം.

അതേസമയം, പൊങ്കാലയ്ക്കുശേഷം ബാക്കിവരുന്ന കല്ലുകൾ പാവപ്പെട്ട ആളുകൾക്ക് ഭവനനിർമാണത്തിനായി വിതരണം ചെയ്യുന്ന സിപിഎം മുൻ ഭരണസമിതിയുടെ മാതൃക പിന്തുടർന്നതിൽ മേയർ വിവി രാജേഷ് വിശദീകരണവുമായി രംഗത്തെത്തി. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിക്ക് തടസം നിൽക്കേണ്ടെന്ന് കരുതിയാണ് പദ്ധതി പിന്തുടരുന്നതെന്നും മേയർ വ്യക്തമാക്കിയിരുന്നു. ഇന്നലെ രാവിലെ മുതൽ ചുടുകല്ല് വിതരണം ആരംഭിച്ചതായി മേയർ തന്നെ അറിയിച്ചു. വിവിധ ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരും, കല്ലുകൾ ലഭിക്കാതെ വീട് നിർമാണം തടസപ്പെട്ടവർക്കും കോർപ്പറേഷനെ സമീപിച്ചാൽ വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ കല്ല് ലഭിക്കും.