നൽകിയ ഭൂമി തിരിച്ചെടുക്കാൻ ഉത്തരവിട്ട സർക്കാരിനെതിരെ കുടിൽ കെട്ടി സമരമെന്ന് ചിത്രലേഖ

By Web DeskFirst Published Apr 17, 2018, 5:51 PM IST
Highlights
  • നൽകിയ ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്
  • സർക്കാരിനെതിരെ സമരവുമായി ചിത്രലേഖ
  • സ്ഥലത്ത് കുടിൽ കെട്ടി സമരം

കണ്ണൂര്‍: സർക്കാർ നൽകിയ ഭൂമി തിരിച്ചെടുക്കാൻ തീരുമാനിച്ചതിനെതിരെ കുടിൽ കെട്ടി സമരവുമായി ദളിത് ഓട്ടോ ഡ്രൈവർ ചിത്രലേഖ. ഭൂമി വിട്ടു കിട്ടും വരെ സമരമിരിക്കാനാണ് തീരുമാനം. ഭൂമി നൽകിക്കൊണ്ട് കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇറക്കിയ ഉത്തരവ് രണ്ടാഴ്ച മുമ്പാണ് എൽഡിഎഫ് സർക്കാർ റദ്ദാക്കിയത്.

അനുവദിച്ചു കിട്ടിയ സ്ഥലത്ത് വീട് നിർമ്മാണം പുരോഗമിക്കുമ്പോഴാണ് ഭൂമി നൽകിയ നടപടി തിരുത്തിക്കൊണ്ട് എൽഡിഎഫ് സർക്കാരിന്‍റെ പുതിയ ഉത്തരവ് വന്നത്. സ്വന്തം നാടായ പയ്യന്നൂരിൽ കൈവശമുണ്ടെന്ന് പറയപ്പെടുന്ന ഭൂമിയിൽ തനിക്ക് നേരിട്ടുള്ള അവകാശമില്ലെന്നും സർക്കാർ നൽകിയ സ്ഥലം തന്നെ തിരിച്ചുവേണമെന്നും ചിത്രലേഖ ആവശ്യപ്പെടുന്നു.

2016ൽ പ്രത്യേക അധികാരമുപയോഗിച്ചാണ് അഞ്ച് സെന്‍റ് ഭൂമിയും കൂടാതെ വീട് നിർമ്മിക്കുന്നതിലേക്കുള്ള ഫണ്ടും യുഡിഎഫ് സർക്കാർ ചിത്രലേഖയ്ക്ക് അനുവദിച്ചത്. ഫണ്ട് പിണറായി സർക്കാർ അധികാരത്തിലെത്തിയ ഉടൻ തന്നെ പിൻവലിച്ചെന്നാണ് ഇവർ പറയുന്നത്. രണ്ടാഴ്ച മുന്പ് പ്രത്യേക അധികാരമുപയോഗിച്ച് തന്നെ ഭൂമി നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ റദ്ദാക്കുകയായിരുന്നു. ചിത്രലേഖയുടെ പരാതി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി നിർദ്ദേശ പ്രകാരം ഇവർക്ക് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

click me!