
ബംഗളൂരു: ബംഗളൂരുവിൽ മൂന്നരക്കോടിയിലധികം രൂപയുടെ ചിട്ടിപ്പണവുമായി മലയാളി ദമ്പതികൾ മുങ്ങിയെന്ന് പരാതി. കൊല്ലം അഞ്ചൽ സ്വദേശികളായ ബിജോയ്, മഞ്ജു എന്നിവർക്കെതിരെയാണ് മലയാളികൾ ഉൾപ്പെടെയുളള നൂറോളം നിക്ഷേപകർ പരാതിയുമായെത്തിയത്.
ബംഗളൂരുവിലെ ഉദയ്നഗറിൽ താമസിച്ചിരുന്ന ബിജോയ് മഞ്ജു ദമ്പതികൾ കഴിഞ്ഞ പത്ത് വർഷമായി ചിട്ടി നടത്തുന്നുണ്ട്. ഒരു ലക്ഷം മുതൽ പത്ത് ലക്ഷം വരെയുളള ചിട്ടികളാണ് നടത്തിയിരുന്നത്. ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി മലയാളികൾ ഉൾപ്പെടെ നൂറോളം പേർ ചിട്ടിയിൽ ചേർന്നിരുന്നു. ഏഴ് മാസം മുമ്പുവരെ കൃത്യമായി ലഭിച്ചിരുന്നു ചിട്ടിപ്പണം. പിന്നീട് പലതവണ മുടങ്ങി. രണ്ടാഴ്ചയായി ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് നിക്ഷേപകർ പറയുന്നു. പലരോടും പല കാരണങ്ങളാണ് പണം നൽകാൻ കഴിയാത്തതിന് നിരത്തിയത്.
മഹാദേവപുര പൊലീസിൽ നിക്ഷേപകർ പരാതി നൽകി. ഉദയ് നഗറിൽ ബിജോയിയും മഞ്ജുവും താമസിച്ചിരുന്ന വീട് പൊലീസ് പരിശോധിച്ചു. ഇവരുടെ ഫർണിച്ചറുകളും വീട്ടുപകരണങ്ങളും കൊണ്ടുപോയിട്ടില്ല. ചിട്ടി നടത്തിപ്പിന്‍റെ ചില രേഖകളും പൊലീസിന് ലഭിച്ചു. ഇരുവരും കേരളത്തിലുണ്ടാകാമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam