
മലപ്പുറം: കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം തവനൂര്‍ ഇല്ലത്തുംപടി സ്വദേശി രാമചന്ദ്രന്‍ നായരാണ് മരിച്ചത്. ഇതോടെ അതിസാരം ബാധിച്ച് മരിച്ചവരുടെ എണ്ണം 4 ആയി.
കോളറരോഗബാധക്കിടയാക്കിയ കുറ്റിപ്പുറത്തെ അന്നപൂര്‍ണ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് കടുത്ത അതിസാരത്തെ തുടര്‍ന്ന് ജൂണ്‍ 12 ന് കരുവത്ത് രാമചന്ദ്രന്‍ നായര്‍ ചികിത്സ തേടിയത്. ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ 4 പേര്‍ക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോളറ സംശയിച്ചായിരുന്നു രാമചന്ദ്രന്‍ നായരുടെ ചികിത്സ. പരിശോധനയില്‍ കോളറ കണ്ടെത്താത്തതിനെത്തുടര്‍ന്ന് ചെവ്വാഴ്ച ആശുപത്രി വിട്ടു. വീണ്ടും അവശതകള്‍ അനുഭവപ്പെട്ടതോടെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുറ്റിപ്പുറത്ത് വാഹനഭാഗങ്ങള്‍ വില്‍ക്കുന്ന കട നടത്തുകയായിരുന്നു രാമചന്ദ്രന്‍ നായര്‍. സ്ഥിരമായി ഇതേ ഹോട്ടലില്‍ നിന്ന് തന്നെയാണ് ഭക്ഷണം കഴിക്കാറ്. മോശം ഭക്ഷണം കഴിച്ചതുമൂലമുള്ള ചര്‍ദ്ദിയും അതിസാരവും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
കുറ്റിപ്പുറത്ത് ഒരു വീട്ടിലെ രണ്ട് പേരടക്കം അതിസാരത്തെതുടര്‍ന്ന് 4 പേരാണ് ഇതുവരെ മരിച്ചത്. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് പറയുമ്പോഴും, അതിസാരം ബാധിച്ച് ഇപ്പോഴും നിരവധി പേര്‍ ചികിത്സതേടിയെത്തുന്നതാണ് ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam