
വിദേശവനിതയെ മാനഭംഗപ്പെടുത്തിയ കേസിൽ പീപ്‍ലി ലൈവ് സിനിമയുടെ സംവിധായകരിലൊരാളായ മഹമൂദ് ഫാറൂഖിക്ക് ഏഴ് വർഷം തടവ് ശിക്ഷ. 50,000 രൂപ പിഴയും ദില്ലി അഡിഷണൽ സെഷൻസ് കോടതി വിധിച്ചു.
ഓസ്കർ നാമനിർദ്ദേശം കിട്ടിയ പീപ്‍ലി ലൈവ് സിനിമയുടെ സംവിധായകരിലൊരാളായ മഹമൂദ് ഫാറൂഖി കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം 30ന് കോടതി വിധിച്ചിരുന്നു. ശിക്ഷാവിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്. വിദേശ വനിതയെ മാനഭംഗപ്പെടുത്തയതിലൂടെ ഫാറൂഖി രാജ്യത്തിനെ അപകീർത്തിപ്പെടുത്തിയെന്നും പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ഏഴ് വർഷം തടവുശിക്ഷ വിധിച്ച കോടതി 50,000 പിഴയും ചുമത്തി. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടുതൽ തടവുശിക്ഷ അനുഭവിക്കണം. കഴിഞ്ഞ വർഷം മാർച്ച് 28 നാണ് കേസിന് ആസ്പദമായ സംഭവം. 35 വയസ്സുള്ള അമേരിക്കക്കാരിയായ ഗവേഷകയെ ഫാറൂഖി വീട്ടിലേക്ക് അത്താഴവിരുന്നിന് ക്ഷണിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. കൊളംബിയൻ സർവ്വകലാശാലയിൽ ഗവേണം നടത്തിക്കൊണ്ടിരുന്ന അമേരിക്കൻ യുവതി ഗവേഷണാർത്ഥമാണ് ദില്ലിയിലെത്തിയത്. ഗവേഷണത്തിന് സഹായം നൽകാമെന്ന് പറഞ്ഞാണ് അമേരിക്കക്കാരിയെ ഫാറൂഖി വീട്ടിലേക്ക് ക്ഷണിച്ചത്. ഇതിന് ശേഷം മെയിലുകൾ വഴി യുവതിയോട് ഫാറൂഖി മാപ്പ് ചോദിച്ചെങ്കിലും യുവതി കേസുമായി മുന്നോട്ടുപോകുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam