സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ ഇനി സി.ഐമാര്‍ ഭരിക്കും

Published : Oct 19, 2017, 05:26 PM ISTUpdated : Oct 05, 2018, 01:46 AM IST
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ ഇനി സി.ഐമാര്‍ ഭരിക്കും

Synopsis

തിരുവനന്തപുരം: പൊലീസില്‍ ഇനി സ്റ്റേഷനുകളുടെ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക്. ക്രമസമധാന ചുമതലയുള്ള 196 സി.ഐമാര്‍ക്ക് പൊലീസ് സ്റ്റേഷനുകളുടെ ചുമതല നല്‍കാന്‍ സര്‍ക്കാര്‍‍ തീരുമാനിച്ചു. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം ആഭ്യന്തരവകുപ്പിലെ ചരിത്രപരമായ തീരുമാനമെടുത്തത്. 

സംസ്ഥാനത്തെ ക്രമസമാധാന പാലകരുടെ നിരയില്‍ എസ്.ഐക്കും ഡി.വൈ.എസ്‌.പിക്കുമിടയിലെ പ്രധാന തസ്തികയായിരുന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടേത്.  ഈ അധികാരനിര ചരിത്രമാകുകയാണ്. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന 196 സി.ഐമാ‍രെ  സ്റ്റേഷന്‍ ഓഫീസര്‍മാരാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അങ്ങനെ ഇനി മുതല്‍ സ്റ്റേഷന്‍ ഭരണം എസ്.ഐമാരില്‍ നിന്നും നേരിട്ട് സി.ഐമാരിലേക്ക് എത്തുകയാണ്. നിലവില്‍ സംസ്ഥാനത്തെ 10 സ്റ്റേഷനുകളുടെ ഭരണം സി.ഐമാര്‍ക്കാണ്. ഇതുകൂടാതെയാണ് മറ്റ് സ്റ്റേഷനുകളുടെ ഭരണം കൂടി സി.ഐമാര്‍ക്ക് നല്‍കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓരോ സി.ഐമാരുടെ കീഴിലും കുറഞ്ഞത് രണ്ട് സ്റ്റേഷനുകളുണ്ട്. സി.ഐയുടെ അധികാരം ഒരു സ്റ്റേഷനിലേക്ക് പരിമിതപ്പെടുത്തുമ്പോള്‍ മറ്റ് സ്റ്റേഷനുകള്‍ താല്‍ക്കാലിമായി ഡി.വൈ.എസ്‌.പിക്ക് കീഴില്‍ വരും. 

ബാക്കിയുള്ള 156 പൊലീസ് സ്റ്റേഷനുകളുടെ ചുമതലകൂടി സി.ഐമാര്‍‍ക്ക് നല്‍കണമെന്നാണ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശുപാര്‍ശ. ഘട്ടം ഘട്ടമായി  ഇത് നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളുടെയും ഭരണം സി.ഐമാരിലേക്ക് വരും. ഓരോ സി.ഐക്കു കീഴിലും കുറഞ്ഞത് മൂന്ന് എസ്.ഐമാരുണ്ടാകും. ക്രമസമാധാനം, കുറ്റാന്വേഷണം, ട്രാഫിക് എന്നിങ്ങനെ എസ്.ഐമാര്‍ക്ക് ചുമതല വീതിച്ച് നല്‍കും. സംസ്ഥാനത്ത് ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കേസുകളുടെ ബാഹുല്യവും ക്രമസമാധന നിയന്ത്രണവും കൂടിയാകുമ്പോള്‍ പലപ്പോഴും എസ്.ഐമാര്‍ക്ക് വേണ്ടത്ര ജാഗ്രത കാണിക്കാന്‍ കഴിയാറില്ല. ഈ നിഗമനത്തിലാണ് ജസ്റ്റിസ് രാമചന്ദ്രനായര്‍ ശമ്പള കമ്മീഷന്‍, സ്റ്റേഷന്റെ ചുമതല സി.ഐമാര്‍ക്ക് നല്‍കണമെന്ന ശുപാര്‍ശ നല്‍കിയത്. 

സേനയിലെ വിവിധ അസോസിയേഷനുകള്‍ പല കാരണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തിരുന്നു. സേനയിലെ ആശങ്കകളൊക്കെ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പ്രധാനപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ കാര്യത്തിൽ അൽപ്പം അന്ധവിശ്വാസമുണ്ട്, കൈകളിലെ ആ പാടുകളുടെ കാരണം വെളിപ്പെടുത്തി ട്രംപ്; 'അമിത ആസ്പിരിൻ ഉപയോഗം'
ഇതെന്ത് യന്ത്രമെന്ന് ചോദ്യം, മനുഷ്യരെ മൊബൈലിൽ സ്കാൻ ചെയ്ത് പൗരത്വം പരിശോധിക്കുന്ന പൊലീസ്, ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി!