പ്രാരാബ്ധം പറഞ്ഞ് ഒഴിയാനില്ല; സാലറി ചലഞ്ചിനെക്കുറിച്ച് വൈറലായി പൊലീസുകാരന്റെ കുറിപ്പ്

Published : Sep 16, 2018, 09:59 PM ISTUpdated : Sep 19, 2018, 05:29 PM IST
പ്രാരാബ്ധം  പറഞ്ഞ് ഒഴിയാനില്ല; സാലറി ചലഞ്ചിനെക്കുറിച്ച് വൈറലായി പൊലീസുകാരന്റെ കുറിപ്പ്

Synopsis

പ്രളയക്കെടുതിയില്‍ വലഞ്ഞ സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ച ആശയമായിരുന്നു സാലറി ചലഞ്ച്. എന്നാല്‍ സാലറി ചലഞ്ചിനെച്ചൊല്ലി പ്രതിപക്ഷ സംഘടനകളും ഭരണപക്ഷ സംഘടനകളും തമ്മിലടിക്കുകയും പല വിവാദങ്ങളും ഉണ്ടാവുകയും ചെയ്തപ്പോള്‍ ശ്രദ്ധേയമായി സാലറി ചലഞ്ച് ഏറ്റെടുത്ത പൊലീസുകാരന്റെ കുറിപ്പ്. 

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലഞ്ഞ സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ച ആശയമായിരുന്നു സാലറി ചലഞ്ച്. എന്നാല്‍ സാലറി ചലഞ്ചിനെച്ചൊല്ലി പ്രതിപക്ഷ സംഘടനകളും ഭരണപക്ഷ സംഘടനകളും തമ്മിലടിക്കുകയും പല വിവാദങ്ങളും ഉണ്ടാവുകയും ചെയ്തപ്പോള്‍ ശ്രദ്ധേയമായി സാലറി ചലഞ്ച് ഏറ്റെടുത്ത പൊലീസുകാരന്റെ കുറിപ്പ്. സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ പുലിയൂരിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായത്. 

സാലറി ചലഞ്ചിനെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ മനസില്‍ ഭീതിയായിരുന്നു. ആകെ ശമ്പളത്തിന്റെ പകുതിയിലധികം ലോണാണ്. ഓണം അഡ്വാന്‍സ് വാങ്ങി മറ്റ് കടങ്ങള്‍ തീര്‍ത്തു. അതിന്റെ കൂടെയാണ് സാലറി ചലഞ്ച്. എന്ത് ചെയ്യണമെന്ന കാര്യത്തില്‍ എനിക്കും ഉത്തരമില്ലായിരുന്നു. മകന്റെ സ്കൂള്‍ ചെലവ്, പെട്രോള്‍ ചെലവ് മറ്റ് ചെലവുകള്‍, ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയില്‍ ആരുന്നു. സാമ്പത്തികാവസ്ഥ അറിയാവുന്ന പലരും ഉപദേശിച്ചു സമ്മതമല്ലെങ്കില്‍ ചെയ്യേണ്ടന്ന്. പക്ഷേ ഉറങ്ങാന്‍ കഴിയുന്നില്ല. പ്രാരാബ്ദങ്ങളുടെ കണക്ക് പറഞ്ഞ് ഒഴിയാന്‍ മനസാക്ഷി അനുവദിക്കുന്നില്ല. പക്ഷെ എന്തുണ്ടായാലും ശരി ഒരു സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രശ്നം അഭിമുഖീകരിക്കുമ്പോൾ എന്റെ സഹോദരങ്ങൾക്കു വേണ്ടി ഒരു മാസത്തെ ശമ്പളം ഞാനും കൊടുക്കുന്നു എന്നാണ് അരുണ്‍ കുറിച്ചിരിക്കുന്നത്. 

അരുണ്‍ പുലിയൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
"സാലറി ചലഞ്ച് "

കേട്ടപ്പോൾ മുതൽ വല്ലാത്തൊരു ഭീതിയായിരുന്നു മനസ്സിൽ.... ഇന്നലെ രാത്രിയിലും കൂട്ടുകാർ വിളിച്ച് ആശങ്ക പങ്കുവച്ചു...അളിയാ നമ്മൾ എങ്ങനെ കൊടുക്കും ഈ പൈസ..... ആകെ ശമ്പളത്തിന്റെ പകുതിയിലധികം ലോണാണ്... പിന്നെ പലിശ ഈടാക്കാത്തതു കൊണ്ട് ഓണം അഡ്വാൻസ് 15000 രൂപ വാങ്ങി മറ്റ് കടങ്ങൾ തീർത്തു... അതിന്റെ ഗഡു 3000 രൂപ വച്ച് അടുത്ത മാസം മുതൽ പിടിച്ചു തുടങ്ങും..... അതിന്റെ കൂടെയാണ് ഈ സാലറി ചലഞ്ചും..... എന്ത് ചെയ്യും എന്ന ചോദ്യത്തിന് എനിക്കും ഉത്തരമില്ലായിരുന്നു.....( കാരണം എന്റെ ആഗസ്റ്റ് മാസത്തിലെ ശമ്പളംലോൺ പിടുത്തമെല്ലാം കഴിഞ്ഞ് കയ്യിൽ കിട്ടിയത് 17000 രൂപ. വീട്ട് ചെലവും, മകൻ ആദിയുടെ സ്കൂൾ ചെലവും എല്ലാം കഴിയുമ്പോൾ കൈയിലുള്ളത് 7000അത് വച്ച് പെട്രോൾ ചിലവ്, ഭക്ഷണം എല്ലാം) അടുത്ത മാസം മുതൽ ഓണം അഡ്വാൻസ് 3000 രൂപ വച്ച് പിടിച്ച് തുടങ്ങും.... ( 7000-3000= 4000) പിന്നെ സാലറിയിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ഗഡുക്കളായി 3000 ന് മുകളിൽ ഒരു സംഖ്യയും ...ഡ്യൂട്ടിക്ക് പോകാൻ പെട്രോൾ അടിക്കാൻ പോലും പറ്റാത്ത അവസ്ഥ ....

ആകെ ചിന്തിച്ച് ഭ്രാന്ത് പിടിച്ച ഒരവസ്ഥയായിരുന്നു ഇന്നലെ മുതൽ....... ഒരുപാട് കൂട്ടുകാരെ വിളിച്ച് അഭിപ്രായം ചോദിച്ചു...... സമ്മതം അല്ലെങ്കിൽ വിസമ്മതം ഏതാണ് വേണ്ടതെന്ന്‌...... എന്റെ സാമ്പത്തികാവസ്ഥ അറിയാവുന്ന ഒരുപാട്പേർ എന്നോട് പറഞ്ഞു അരുണേ നിന്നെക്കൊണ്ട് പറ്റില്ല നീ ഒരു കാരണവശാലും Yes പറയരുതെന്ന് .. എന്നോടുള്ള സ്നേഹം കൊണ്ടാണ്... എനിക്ക് മനസ്സിലായിരുന്നു..... പക്ഷെ എനിക്കുറങ്ങാൻ കഴിയണ്ടേ ?.... ഒരു PSC പരീക്ഷയിൽ ലിസ്റ്റിൽ വന്ന എനിക്ക് 2012 ജൂൺ 18 മുതൽ ജോലി തന്ന, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളവും ,എനിക്കും കുടുംബത്തിനും സംരക്ഷണവും തന്നുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാന സർക്കാരിന് ഒരാവശ്യം വരുമ്പോൾ എന്റെ പ്രാരാബ്ദങ്ങളുടെ കണക്ക് പറഞ്ഞ് ഒഴിയാൻ മനസാക്ഷി അനുവദിക്കുന്നില്ല,,,,, എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയില്ല....... ഒരു പാട് പ്രശ്നങ്ങൾ ഞാൻ അഭിമുഖീകരിക്കുന്നുണ്ടാവാം.....പക്ഷെ എന്തുണ്ടായാലും ശരി ഒരു സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രശ്നം അഭിമുഖീകരിക്കുമ്പോൾ എന്റെ സഹോദരങ്ങൾക്കു വേണ്ടി ഒരു മാസത്തെ ശമ്പളം ഞാനും കൊടുക്കുന്നു.....

എന്റെ ഈ തീരുമാനത്തിന് കടപ്പാട്..... സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി ഒരു പാട് ദിവസം ദുരിതാശ്വാസ പ്രവർത്തനത്തിനായി പോയി സ്വയം പനിച്ച് കിടന്നിട്ടും ഒരു ചെളിവെള്ളത്തിൽ പോലും ഇറക്കാതെ എന്നെ സംരക്ഷിച്ച് പ്രതിരോധിച്ച എന്റെ IP ബിനു ചേട്ടനോട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരുടേയും ഒരു മാസത്തെ ശമ്പളം നൽകി എനിക്ക് മാതൃക കാണിച്ച എന്റെ ss മനോജേട്ടനും, സോന ചേച്ചിയോടും , സ്വന്തം അനുജനായി എന്നെ കണ്ട് സ്നേഹിക്കുന്ന AKG സെന്ററിലെ പ്രിയ രാജണ്ണനോട് , എന്നെ ഏറെ സ്നേഹിക്കുന്ന പ്രിയ സുഹൃത്ത് അനിയോട്....... അമൃത ബിജു അണ്ണനോട്,പ്രിയ കൂട്ടുകാരൻ വിപിനിനോട്, ജിജു.B ബൈജുവിനോട് , MD അജിത്തിനോട്......പിന്നെ അഭിപ്രായം ചോദിച്ചയുടനെ കൊടുക്ക് ചേട്ടാ ഒന്നല്ല 2 മാസത്തെ ശമ്പളം നമുക്ക് കഞ്ഞിയും, ചമ്മന്തിയും മതി എന്ന് പറഞ്ഞ എന്റെ പ്രിയ സഖി ചിക്കുവിനോട്... മക്കളേ നല്ല കാര്യം എന്ന് പറഞ്ഞ അമ്മയോട്...... അച്ഛാ അച്ഛനാണച്ചാ അച്ഛൻ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച എന്റെ ആദിക്കുട്ടനോട്.......... നന്ദി.... നന്ദി.............

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയേ കേറ്റിയേ കൂട്ടത്തോടെ പാടി കോൺഗ്രസ് നേതാക്കൾ; പാരഡി ​ഗാനത്തിൽ കേസെടുത്തതിൽ എറണാകുളത്ത് പ്രതിഷേധം
ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ചത് സ്വർണം; നിർണായക രേഖ ഏഷ്യാനെറ്റ് ന്യൂസിന്, പിടിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയിൽ നിന്ന്