പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീംകോടതി

By Web DeskFirst Published Apr 11, 2018, 1:40 PM IST
Highlights
  • ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിര്‍ത്താനും സംശയങ്ങൾ ഇല്ലാതാക്കാനും ഭരണപരമായ കാര്യങ്ങൾ ചീഫ് ജസ്റ്റിസ് മാത്രം തീരുമാനിക്കുന്ന തീരി മാറ്റണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

ദില്ലി: സുപ്രീംകോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സുപ്രീംകോടതിയിലെ ഭരണപരമായ കാര്യങ്ങള്‍ ചീഫ് ജസ്റ്റിസ് ഒറ്റയ്ക്ക് തീരുമാനിക്കുന്ന രീതി പുനപരിശോധിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 

ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിര്‍ത്താനും സംശയങ്ങൾ ഇല്ലാതാക്കാനും ഭരണപരമായ കാര്യങ്ങൾ ചീഫ് ജസ്റ്റിസ് മാത്രം തീരുമാനിക്കുന്ന തീരി മാറ്റണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാര്‍ കേസുകൾ വിഭജിച്ചുനൽകുന്ന കാര്യങ്ങൾ തീരുമാനിക്കണം, ഭരണഘടന ബെഞ്ചുകളിൽ മുതിര്‍ന്ന ജഡ്ജിമാരെ മാത്രമേ ഉൾപ്പെടുത്താവൂ തുടങ്ങി ഹര്‍ജിക്കാരനായ അഭിഭാഷകൻ അശോക് പാണ്ഡേ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെല്ലാം കോടതി തള്ളി. 

സുപ്രീംകോടതിയിലെ ഭരണപരമായ കാര്യങ്ങളിലെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയാണെന്ന് ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് നേതൃത്വം നൽകിയ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡാണ്  വിധി എഴുതിയത്. ജുഡീഷ്യറിയുടെ സ്വാതന്ത്രവും വിശ്വാസവും ഉറപ്പുവരുത്താൻ ചീഫ് ജസ്റ്റിസിന് ഭരണഘടനാപരമായ അവകാശമുണ്ട്. അതിന് ഭരണഘടന നിയോഗിച്ച കാവൽക്കാരനാണ് അദ്ദേഹം. 

കേസുകൾ ഏത് ബെഞ്ച് കേൾക്കണം, ഏതൊക്കെ അഭിഭാഷകരെ ഉള്‍പ്പെടുത്തി ബെഞ്ച് രൂപീകരിക്കണം ഇതൊക്കെ ചീഫ് ജസ്റ്റിസ് തന്നെയാണ് തീരുമാനിക്കുക. കോടതികളുടെ പ്രവര്‍ത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ജനങ്ങൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കാനും ചീഫ് ജസ്റ്റിസിന് സ്വാതന്ത്ര്യമായ തീരുമാനങ്ങൾ എടുക്കാമെന്നും വിധിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയിൽ നിന്ന് ഇറങ്ങിവന്ന വാര്‍ത്ത സമ്മേളനം നടത്തിയ സംഭവം രാജ്യത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ജഡ്ജിമാര്‍ക്കിടയിലുണ്ടായ പിളര്‍പ്പ് പരിഹരിക്കാനുള്ള ചര്‍ച്ചകളൊക്കെ പിന്നീട് നടന്നെങ്കിലും പൂര്‍ണമായ പരിഹാരം ഇതുവരെയായിട്ടില്ല. ഈ സാഹചര്യത്തിൽ എത്തിയ പൊതുതാല്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് തന്നെ തള്ളിയത്.


 

click me!