
തിരുവനന്തപുരം: എന്‍ഡിഎയില്‍ മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും ഘടകക്ഷികള്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും തുറന്നടിച്ച് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനു. രാജ്യസഭാ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം ബിഡിജെഎസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയെ അവസാന നിമിഷം ഒഴിവാക്കിയത് ശരിയായില്ലെന്നും സി.കെ. ജാനു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. എന്‍ഡിഎയില്‍ മുന്നണി സഖ്യത്തിന് പ്രാധാന്യം നല്‍കുന്നില്ല. ബിജെപിയും ബിഡിജെഎസും മാത്രമല്ല എന്‍ഡിഎ. നിരവധി കക്ഷികളുണ്ട്. സഖ്യകക്ഷികളെ കൂടെ നിര്‍ത്തേണ്ടതും എന്‍ഡിഎ എന്ന മുന്നണിയെ നില നിര്‍ത്തേണ്ടതും പ്രധാന കക്ഷിയെന്ന നിലയ്ക്ക് ബിജെപിയാണ്. എന്നാല്‍ അത്തരമൊരു ഇടപെടല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന് ജാനു ആരോപിച്ചു.
ബിജെപിയുടെ അവഗണന തുടരുമ്പോള്‍ എന്‍ഡിയുമായി തുടര്‍ന്ന് പോകാനാവുമോ എന്ന് ആലോചിക്കേണ്ടതുണ്ട്. ജനാധിപത്യ രാഷ്ട്രീയ സഭയുടെ ഉന്നത സ്ഥാനത്തിരിക്കുന്നത് കൊണ്ട് വ്യക്തിപരമായ ഒരു പ്രതികരണം നടത്താനാവില്ല. നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും സി.കെ. ജാനു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. മുന്നണി സഖ്യത്തെ നിലനിര്‍ത്താന്‍ എന്‍ഡിഎ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് ഘടകകക്ഷികളായ ഞങ്ങള്‍ക്ക് മനസിലായിട്ടില്ല. ആദിവാസി സമൂഹത്തിന്‍റെ പ്രതിനിധിയാണ് താന്‍. ആ പരിഗണന എന്‍ഡിഎയില്‍ നിന്നും ലഭിച്ചിട്ടില്ല. ആദിവാസി സമൂഹം കഴിഞ്ഞ കാലങ്ങളില്‍ എല്ലായിടങ്ങളിലും അവഗണിക്കപ്പെട്ട, ഇരകളായ ആളുകളാണ്. അതുകൊണ്ട് തന്നെ എന്‍ഡിഎയില്‍ കൃത്യമായ പരിഗണന ലഭിക്കേണ്ടതായിരുന്നു- ജാനു കുറ്റപ്പെടുത്തി.
മുന്നണിയില്‍ ലഭിക്കേണ്ട സ്ഥാനമാനങ്ങളെപ്പറ്റി പലതവണ ചര്‍ച്ച ചെയ്തതാണ്. ബിജെപിയുടെ ആവശ്യപ്രകാരം കക്ഷികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് അവസാന നിമിഷം വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരമൊരു വാഗ്ദാനം ലഭിച്ചിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ ഒടുവില്‍ തുഷാറിനെ ഒഴിവാക്കി. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല.
കേരളത്തിലെ ആദിവാസി മൂവ്മെന്‍റുകള്‍ ഒരുമിച്ച് നില്‍ക്കണം. ആദിവാസികളും ദളിതരുമാണ് ഏറ്റവും കൂടുതല്‍ ചൂഷണത്തിന് ഇരകളാകുന്നത്. ഇരകളെല്ലാം ഒരുമിച്ച് നിന്ന് പോരാടണം. ഇടത് വലത് മുന്നണികള്‍ക്കും, ഗ്രൂപ്പുകള്‍ക്കും വീതം വയ്ക്കാനായി ആദിവാസി സമൂഹം നിന്ന് കൊടുക്കരുത്. അതിന് വേണ്ടിയാണ് ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പാര്‍ട്ടി രൂപീകരിച്ചത്. ആദിവാസി ഗോത്രമഹാസഭയും മറ്റ് സംഘടനകളെയുമെല്ലാം ഒരുമിച്ച് കൂട്ടി ശക്തമാകേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഭാവിയില്‍ അത്തരം വലിയൊരു പ്രക്ഷോഭം ഉണ്ടാകേണ്ടതുണ്ടെന്നും ജാനു പറഞ്ഞു.
കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള ലോംങ് മാര്‍ച്ചിന് എല്ലാ പിന്തുണയും നല്‍കണം, സമരം കൂടുതല്‍ ശക്തമാക്കണമെന്നും ജാനു പറഞ്ഞു. ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും കൃഷിയാവശ്യത്തിനായി ഭൂമി നല്‍കണം എന്ന് വനവാകശ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കൃഷിയാണ് ആദിവാസികളുടെ ഉപജീവനം. വിദ്യാസമ്പന്നരോ മുഖ്യധാരയില്‍ നില്‍ക്കുന്നവരോ അല്ല ഞങ്ങള്‍. നൂറ്റാണ്ടുകളായി ആദിവാസികളും ദളിതരമെല്ലാം തുടര്‍ന്ന് വരുന്നത് കൃഷി ചെയ്തുള്ള ഉപജീവിതമാണ്. സംവരണവും നിയമങ്ങളും വാഗ്ദാനങ്ങളിലും റിക്കോര്‍ഡുകളില്‍ മാത്രം ഒതുങ്ങന്നത് കൊണ്ട് വലിയ മുന്നേറ്റം ഇന്നും ഉണ്ടായിട്ടില്ല. കര്‍ഷകര്‍ കൃഷി ചെയ്ത് ഉപജീവിനം നടത്തുന്നത് കൊണ്ട് അവര്‍ക്ക് ഭൂമി നല്‍കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം.
കേരളത്തില്‍ ഇടത് സര്‍ക്കാരടക്കം മാറിമാറി വന്ന സര്‍ക്കാരുകള്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് നീതി നല്‍കിയില്ല. യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ വനവാകശ നിയമത്തെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. വനവകാശ നിയമം അനുസരിച്ച് 15 ഏക്കര്‍ ഭൂമി വരെ കൃഷി ചെയ്യാനായി ആദിവാസികള്‍ക്ക് നല്‍കണം. ഏറ്റവും കുറവ് 5 ഏക്കര്‍ ഭൂമിയെങ്കിലും നല്‍കണം. എന്നാല്‍ ആദിവാസി വീടുകള്‍ക്ക് ചുറ്റും മൂന്ന് സെന്‍ററ് അഞ്ച് സെന്‍റ് വീതം കുറ്റിയടിച്ച് വനവകാശ നിയമത്തെ അട്ടിമറിക്കുകയാണ് ഇരു കൂട്ടരും ചെയ്തത്. ഇതിനെതിരെ കര്‍ഷക സമരം പോലെ വലിയ പ്രക്ഷോഭം തന്നെ ആദിവാസി സമൂഹം നടത്തേണ്ടതുണ്ട്.
കര്‍ഷകരും ആദിവാസികളുമാണ് രാജ്യത്തിന്‍റെ അടിസ്ഥാന വര്‍ഗം. അവര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഒറ്റയ്ക്കു തിന്ന് തീര്‍ക്കുകയല്ല ചെയ്യുന്നത്. അപ്പര്‍ ക്ലാസിനടക്കം ഭക്ഷിക്കാനുള്ളത് ഉത്പാദിപ്പിക്കുന്നത് ഞങ്ങളാണ്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ഈ മനുഷ്യര്‍ മണ്ണില്‍ പണിയെടുക്കണം. ആ കാര്യം ഭരണ വര്‍ഗ്ഗത്തിന് ഓര്‍മ്മ വേണം. കര്‍ഷക സമരത്തോടൊപ്പം തന്നെയാണ് ഞാനും പ്രസ്ഥാനവും. കേരളത്തില്‍ അത്തരമൊരു മുന്നേറ്റമുണ്ടായാല്‍ ആ സമരത്തിന് മുന്നില്‍ താനുണ്ടാകുമെന്ന് ജാനു വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam