പാർട്ടി ആവശ്യപ്പെട്ടിട്ടും മാത്യു ടി. തോമസ് മാറാൻ തയ്യാറായില്ലെന്ന് സി.കെ.നാണു

By Web TeamFirst Published Nov 24, 2018, 10:46 AM IST
Highlights

പാർട്ടി ആവശ്യപ്പെട്ടിട്ടും മാത്യു ടി. തോമസ് മാറാൻ തയ്യാറായില്ലെന്ന് സികെ നാണു. മൂന്ന് എംഎല്‍എമാരില്‍ രണ്ട് എംഎല്‍എമാര്‍ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന തീരുമാനത്തെ അംഗീകരിച്ചതാണ്. എന്നിട്ടും മാത്യു ടി.തോമസ് വഴങ്ങിയില്ലെന്നും സി.കെ.നാണു.

കോഴിക്കോട്: പാർട്ടി ആവശ്യപ്പെട്ടിട്ടും മാത്യു ടി. തോമസ് മാറാൻ തയ്യാറായില്ലെന്ന് സികെ നാണു. മൂന്ന് എംഎല്‍എമാരില്‍ രണ്ട് എംഎല്‍എമാര്‍ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന തീരുമാനത്തെ അംഗീകരിക്കുന്നു. അന്ന് ഭൂരിപക്ഷം ഉണ്ടായിട്ടും ദേശീയ നേതൃത്വം  മാത്യു ടി. തോമസിനെ മന്ത്രിയാക്കിയപ്പോൾ തങ്ങൾ എതിർത്തില്ലെന്നും സികെ നാണു പറഞ്ഞു. 

പാർട്ടി തീരുമാനത്തിന് അന്ന് തങ്ങൾ വഴങ്ങിയതാണ്.  മൂന്ന് വര്‍ഷം മാത്രമെ മന്ത്രിയായിരിക്കാന്‍ സാധിച്ചുള്ളൂവെന്നും അതിനാല്‍ കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹം പ‌റഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷത്തിന് ശേഷം മന്ത്രി സ്ഥാനം ഒഴിയാമെന്ന ധാരണയില്‍ കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് അവസരം നല്‍കിയത്. 

കാലാവധി കഴിയുമ്പോള്‍ അദ്ദേഹം തന്നെ സ്വയം മാറിനില്‍ക്കുമെന്ന് കരുതി, അതുണ്ടാകാത്തതാണ് കേന്ദ്ര നേതൃത്വം ഇടപെടാന്‍ കാരണം. ആദ്യംതന്നെ മന്ത്രിസ്ഥാനത്തേക്ക് താൻ നിർദ്ദേശിച്ചത് കെ കൃഷ്ണൻകുട്ടിയെ ആയിരുന്നു എന്നും സികെ നാണു വ്യക്തമാക്കി. 

കെ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം മാത്യു ടി. തോമസ് അംഗീകരിച്ചതാണെന്നും ഇപ്പോഴത്തെ പ്രതികരണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി ആവശ്യപ്പെട്ടിട്ടും മാത്യു ടി. തോമസ് മാറാൻ തയ്യാറായില്ല' സമയപരിധി ആകുന്പോൾ മാത്യു ടി തോമസ് സ്വയം മാറുമെന്ന് കരുതി. അത് ഉണ്ടാകാത്തതിനാൽ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. തുടർന്നാണ് ദേശീയ നേതൃത്വം ഇടപെട്ട് മാറ്റിയതെന്ന് കെ.കൃഷ്ണൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം ജെഡിഎസ് നേതാക്കളായ കെ കൃഷ്ണൻകുട്ടി, സികെ നാണു എന്നിവർ മുഖ്യമന്ത്രിയുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തി. മാത്യു ടി. തോമസിന് പകരം കെ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന കത്ത് യോഗത്തില്‍ മുഖ്യമന്ത്രിക്ക് കൈമാറി. കത്ത് ലഭിച്ചതായും കൂടുതല്‍ കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. മന്ത്രി മാത്യു ടി തോമസ് തിങ്കളാഴ്ച രാജി സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.

click me!