
ദില്ലി: ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപത്തെ എൻ.സി.ഇ.ആർ.ടിയുടെ പരിഷ്കരിച്ച പാഠപുസ്തകത്തിൽ ഗുജറാത്ത് കലാപം എന്നാക്കി ചുരുക്കിയെന്ന് റിപ്പോർട്ട്. എന്നാൽ 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള ഭാഗം ആ പേരിൽ തന്നെയാണ് പുസത്കത്തിലുള്ളത്. പന്ത്രണ്ടാം ക്ലാസിലെ പരിഷ്കരിച്ച, രാഷ്ട മീമാംസ പുസ്തകത്തിലാണ് വിവാദങ്ങൾക്ക് വഴിവെക്കുന്ന മാറ്റങ്ങളുള്ളത്.
പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിലെ 187-ാം പേജിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമകാലിക സംഭവങ്ങൾ വിശദീകരിക്കുന്ന പാഠഭാഗം മാറ്റിയെന്നാണ് റിപ്പോർട്ട്. പഴയ പതിപ്പിൽ ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപം എന്നായിരുന്നു ഖണ്ഡികയുടെ തലക്കെട്ട്. ഇത് ഗുജറാത്ത് കലാപം എന്ന് മാത്രമാക്കി. പഴയപതിപ്പിൽ ഖണ്ഡികയുടെ ആദ്യവാചകം ഇങ്ങനെയാണ്: '2002 ഫെബ്രുവരിയിൽ ഗുജറാത്തിൽ മുസ്ലീങ്ങൾക്കെതിരെ വ്യാപക അക്രമം നടന്നു'. എന്നാൽ പുതിയപതിപ്പിലെ ആദ്യവാചകത്തിൽ 'മുസ്ലീങ്ങൾക്കെതിരെ' എന്ന വാക്കില്ല.
ഇതേ ഖണ്ഡികയിൽ 1984ലെ സിഖ് വിരുദ്ധ കലാപം ആ പേരിൽ തന്നെയാണ് നിലനിർത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം എൻ.സി.ഇ.ആർ.ടി തുടങ്ങിയ പാഠപുസ്തക പരിഷ്കരണത്തിന്‍റെ ഭാഗമായാണ് ഈ മാറ്റങ്ങൾ. പാഠപുസ്തകങ്ങളിലൂടെ കേന്ദ്രസർക്കാർ തുടർച്ചയായി സംഘപരിവാർ അജണ്ട നടപ്പാക്കുകയാണെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam